ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചെങ്കോട്ടയിൽ നടന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽനിന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിട്ടുനിന്നു. ഇരിപ്പിടങ്ങൾ അനുവദിക്കുന്നതിലെ പ്രോട്ടോകോൾ ലംഘനത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ ചടങ്ങിൽ നിന്നും വിട്ടുനിന്നത്.
പ്രതിപക്ഷ നേതാക്കൾ ദേശീയ ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കുന്നത് ഇത് തുടർച്ചയായ രണ്ടാം തവണയാണ്. ദേശീയ പ്രാധാന്യമുള്ള ഔദ്യോഗിക ചടങ്ങുകളിൽ തങ്ങളുടെ നേതാക്കളോട് നടത്തുന്ന പെരുമാറ്റത്തിലും പ്രോട്ടോകോൾ വീഴ്ചകളിലും കോൺഗ്രസ് നേരത്തെ തന്നെ ശക്തമായ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു.
ക്യാബിനറ്റ് മന്ത്രിയുടെ തുല്യ പദവിയുള്ള ലോക്സഭാ പ്രതിപക്ഷ നേതാവിന് പ്രോട്ടോകോൾ പ്രകാരം മുൻനിരയിലാണ് ഇരിപ്പിടം നൽകേണ്ടത്. എന്നാൽ, 2024 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയെ അഞ്ചാം നിരയിൽ ഇരുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഒളിമ്പിക് അത്‌ലറ്റുകൾക്കു മുൻനിരയിൽ സീറ്റ് നൽകാനാണ് സീറ്റ് ക്രമീകരണത്തിൽ മാറ്റം വരുത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയ മനു ഭാകർ, സരബ്‌ജ്യോത് സിങ്, ഹോക്കി താരങ്ങളായ ഹർമൻപ്രീത് സിങ്, പി.ആർ. ശ്രീജേഷ് തുടങ്ങിയ കായികതാരങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ മുന്നിലായിട്ടാണ് സീറ്റ് നൽകിയത്.
എന്നാൽ മുൻ വർഷങ്ങളിലെ റിപ്പബ്ലിക് ദിനാഘോഷത്തിലും രാഹുലിനെയും ഖാർഗെയെയും മൂന്നാം നിരയിൽ ഇരുത്തിയതിനെതിരെ കോൺഗ്രസ് വിമർശനം ഉയർത്തിയിരുന്നു.
അതേസമയം, ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങിൽ പങ്കടുക്കാതിരുന്ന നേതാക്കൾ എ.ഐ.സി.സി (AICC) ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തു. ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് പുതിയ രാഷ്ട്രീയ വിവാദങ്ങളും ഉയർന്നിട്ടുണ്ട്.
Content Highlight: Rahul and Kharge miss Independence Day celebrations for the second consecutive year