| Friday, 25th July 2025, 1:08 pm

ഒ.ബി.സി വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിലെ കോൺഗ്രസിന്റെ പരാജയം ബി.ജെ.പിക്ക് സൗകര്യമായി: രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഒ.ബി.സി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിലും പരിഹരിക്കുന്നതിലും കോൺഗ്രസ് പാർട്ടി പരാജയപ്പെട്ടുവെന്നും അത് ബി.ജെ.പിക്ക് സൗകര്യമായെന്നും പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി.

ഇന്ദിരാഭവനിൽ കോൺഗ്രസിന്റെ ലോക്‌സഭാ എം.പിമാരും തെലങ്കാന നേതൃത്വവും പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ പാർട്ടി മനസിലാക്കണമെന്നും അവക്കായി ഒരുപോലെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ കാര്യമാണ്. ആളുകൾ എന്നോട് യോജിക്കണമെന്നില്ല. ദളിത്, ആദിവാസി, സ്ത്രീ വിഷയങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് ശരിയായ പാതയിലായിരുന്നു. കഴിഞ്ഞ 10-15 വർഷത്തെ കാര്യമാണ് ഞാൻ സംസാരിക്കുന്നത്. എന്നാൽ ഒ.ബി.സി വിഭാഗങ്ങളുടെ കാര്യത്തിൽ, അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള കോൺഗ്രസ് പാർട്ടിയുടെ ധാരണ തെറ്റിപ്പോയതായി തോന്നുന്നു.

അവർ നേരിടുന്ന വെല്ലുവിളികളിൽ  ശരിയായ നടപടികൾ സ്വീകരിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്ന് എനിക്ക് തോന്നുന്നു. എനിക്ക് തെറ്റ് പറ്റിയതാണെന്ന് പലരും പറഞ്ഞേക്കാം. പക്ഷേ, ഇത് എനിക്ക് തോന്നിയ  കാര്യമാണ്. ഒ.ബി.സി വിഭാഗത്തിന്റെ താത്പര്യങ്ങളും പ്രശ്നങ്ങളും മനസിലാക്കുന്നതിൽ നമുക്ക് വന്ന പാളിച്ച ബി.ജെ.പിക്ക് അവർക്കിടയിൽ ഇടം നേടാൻ സൗകര്യമൊരുക്കി കൊടുത്തു,’ അദ്ദേഹം പറഞ്ഞു.

കൂടാതെ തെലങ്കാനയിൽ 2024 ൽ നടത്തിയ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽ, രാഷ്ട്രീയ, ജാതി സർവേയെ രാഹുൽ ഗാന്ധി രാജ്യത്തെ സാമൂഹിക നീതിയുടെ നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചു. ബി.ജെ.പി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രാജ്യത്തെ സാമൂഹിക നീതിയുടെ നാഴികക്കല്ലാണ് ഈ സർവേയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ദശാബ്ദത്തിലെ സെൻസസിന്റെ ഭാഗമായി ജാതി സർവേ നടത്തുന്നതിൽ കേന്ദ്രം ‘തെലങ്കാന മോഡൽ’ സ്വീകരിക്കണമെന്ന് കോൺഗ്രസ് മുമ്പ് പറഞ്ഞിരുന്നു. ഏപ്രിൽ 30ന് കേന്ദ്രം അടുത്ത പത്ത് വർഷ സെൻസസിൽ ജാതി സെൻസെസ് ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം ചടങ്ങിൽ സംസാരിച്ച തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, 2024 ലെ തെലങ്കാന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽ, രാഷ്ട്രീയ, ജാതി സർവേയെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കന്മാർക്കും എം.പിമാർക്കും മുന്നിൽ ഒരു പ്രസന്റേഷൻ നടത്തുകയും ചെയ്തു.

Content Highlight: Rahul admits Congress failed to respond to OBC aspirations, ‘it opened space for BJP’

We use cookies to give you the best possible experience. Learn more