തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതി കോണ്‍ഗ്രസ് നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഡി.വൈ.എഫ്.ഐ. അതിജീവിതയുടെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തിയ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ഡി.ജിപിക്ക് പരാതി നല്‍കി.
കഴിഞ്ഞദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ യുവതിയുടെ വ്യക്തി വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു.
ഈ പോസ്റ്റ് പങ്കുവെച്ചും നിരന്തരം രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയര്‍പ്പിച്ചുള്ള പോസ്റ്റുകള്‍ പങ്കിട്ടും സന്ദീപ് വാര്യരും കളം നിറയുകയായിരുന്നു.
ഇതോടെയാണ് വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്. സെക്ഷ്വല്‍ പെര്‍വര്‍ട്ടിനു വേണ്ടി കോണ്‍ഗ്രസ് നേതൃത്വമാകെ നിലകൊള്ളുന്നു എന്നതിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വിമര്‍ശിച്ചു.
വീക്ഷണത്തിന്റെ രാഹുല്‍ അനുകൂല മുഖപ്രസംഗത്തെയും അദ്ദേഹം കുറ്റപ്പെടുത്തി.
ഇരയുടെ ഫോട്ടോയും ജോലിസ്ഥലവുമെല്ലാം വ്യക്തമാക്കിക്കൊണ്ട് പരാതിക്കാരിയെ യൂത്ത് കോണ്‍ഗ്രസിന്റെ സൈബര്‍ ക്രിമിനലുകള്‍ക്ക് കൊത്തി വലിക്കാന്‍ ഇട്ട് കൊടുത്തിരിക്കുകയാണ് സന്ദീപ് വാര്യരെന്നും BNS സെക്ഷന്‍ 72 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെതെന്നും വി.കെ. സനോജ് ചൂണ്ടിക്കാണിച്ചു.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയവര്‍ക്കെതിരെയും ആ പെണ്‍കുട്ടിയെ പിന്തുണച്ചവരെ സൈബര്‍ സ്‌പെയ്‌സില്‍ ആക്രമിക്കുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും സനോജ് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം, പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുക എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Content Highlight: Sexual Harassment complaint against Rahul Mamkootathil: Victim’s identity revealed; Threats made; DYFI against Sandeep varrier