| Sunday, 20th July 2025, 12:17 pm

ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാന്‍ പറയുന്ന വെള്ളാപ്പള്ളിക്ക് സ്ത്രീകള്‍ തന്നെ ഉചിതമായ മറുപടി കൊടുക്കണം: റഹ്‌മത്തുല്ല സഖാഫി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വെള്ളാപ്പള്ളിയുടെ വിദ്വേഷപരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം.

ഇത്തരത്തില്‍ വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളി വിശ്രമജീവിതം നയിക്കാന്‍ സമയമായിട്ടുണ്ടെന്ന് സമുദായംഗങ്ങള്‍ തിരിച്ചറിയണമെന്നും പെറ്റുകൂട്ടാന്‍ പറയുന്ന അദ്ദേഹത്തിന് സ്വന്തം സമുദായത്തിലെ സ്ത്രീകള്‍ തന്നെ മറുപടി കൊടുക്കണമെന്നും റഹ്‌മത്തുല്ല സഖാഫി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നവരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാരസമീപനമാണ് ഇതാവര്‍ത്തിക്കപ്പെടാന്‍ കാരണമെന്നും റഹ്‌മത്തുല്ല സഖാഫി കൂട്ടിച്ചേര്‍ത്തു. രണ്ട് മാസം മുമ്പ് നിലമ്പൂരില്‍ പറഞ്ഞതിനെ മുസ്‌ലിം ലീഗിനെ പറഞ്ഞാല്‍ എങ്ങനെയാണ് മുസ്‌ലിം സമുദായത്തെ പറ്റിയാവുക എന്നു ചോദിച്ചു കൊണ്ടായിരുന്നു ന്യായീകരിച്ചിരുന്നത്.

ഇപ്പോള്‍ മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങള്‍ക്കെതിരെ ഒന്നിച്ചാണ് വര്‍ഗീയത പറഞ്ഞിരിക്കുന്നത്. ഇതിനെ ഏത്‌ പുതപ്പിട്ട് മൂടിയായിരിക്കും സര്‍ക്കാര്‍ വെളുപ്പിച്ചെടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.

വെള്ളാപ്പള്ളി നടേശന്‍ ഇങ്ങനെ പോയാല്‍ സ്വന്തം സമുദായം തന്നെ അദ്ദേഹത്തെ കൈകാര്യം ചെയ്യുമെന്നാണ് തോന്നുന്നത്. ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാന്‍ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായസ്ത്രീകള്‍ തന്നെ ഉചിതമായമറുപടി കൊടുക്കണം. ശ്രീനാരായണഗുരു എന്ന കേരളം ആദരിക്കുന്ന ഒരുമനുഷ്യന്റെ പേരില്‍ സംഘടിച്ചു വര്‍ഗീയത    പറയുന്ന ഇദ്ദേഹത്തെ വിശ്രമ ജീവിതത്തിനയക്കാന്‍ സമയമായിട്ടുണ്ടെന്ന് സമുദായംഗങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു,’ റഹ്‌മത്തുല്ല സഖാഫി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ കോട്ടയത്ത് നടന്ന എസ്.എന്‍.ഡി.പി നേതൃസംഗമം പരിപാടിയിലാണ് വെള്ളാപ്പള്ളി മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനിെതിരെ വിവിധ കോണുകളില്‍ നിന്ന് വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.

വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ ലീഗ് മുഖപത്രമായ ചന്ദ്രികയും രംഗത്ത് എത്തിയിരുന്നു. വാര്‍ത്താപ്രാധാന്യം കിട്ടാതാവുമ്പോള്‍ വിഷം ചീറ്റുന്ന ആളുകളുണ്ടെന്നും അത്തരത്തിലുള്ള ഒരാളാണ് വെള്ളാപ്പള്ളിയെന്നാണ് ചന്ദ്രിക മുഖപ്രസംഗത്തില്‍ എഴുതിയത്. പി.സി. ജോര്‍ജും വെള്ളാപ്പള്ളിയും ഒരുപോലെയാണെന്നും പത്രം വിമര്‍ശിച്ചു.

രണ്ട് ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിയുടെ അസുഖം മാറുമെന്നും അദ്ദേഹത്തിന്റെ പരാമര്‍ശത്തിനോട് ആളുകള്‍ അപ്പോള്‍ തന്നെ മനസില്‍ പ്രതികരിച്ചിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും പ്രതികരിച്ചു.

കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും മറ്റ് ജില്ലകളില്‍ നിയമസഭ മണ്ഡലങ്ങള്‍ കുറയുമ്പോള്‍ മലപ്പുറത്ത് മണ്ഡലങ്ങള്‍ കൂടുകയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.
ഈഴവര്‍ക്ക് ഇപ്പോള്‍ പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ്. എന്നാല്‍ ഈഴവര്‍ ഒരുമിച്ച് നിന്നാല്‍ കേരളം പിടിക്കാന്‍ സാധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Content Highlight: Rahmathullah Saquafi Elamaram reacts to Vellappally Natesan’s hate speech

We use cookies to give you the best possible experience. Learn more