| Wednesday, 22nd October 2014, 11:31 am

സൂര്യ ആവശ്യപ്പെട്ടു; ജ്യോതികയുടെ ഭര്‍ത്താവായി റഹ്മാനെത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ ചിത്രമാണ് “ഹൗ ഓള്‍ഡ് ആര്‍ യൂ”. ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ അതില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച വേഷം ചെയ്യുന്നത് മലയാളികളുടെ പ്രിയതാരം റഹ്മാനാണ്. തമിഴില്‍ ജ്യോതികയുടെ ഭര്‍ത്താവായാണ് റഹ്മാന്‍ വേഷമിടുന്നത്.

കോളിവുഡ് താരം ജ്യോതികയുടെ തിരിച്ചുവരവ് സാധ്യമാക്കുന്ന ചിത്രം റീമേക്ക് ചെയ്യാന്‍ റോഷനെ സമീപിച്ചത് സൂര്യയാണ്. സൂര്യ തന്നെയാണ് ചിത്രത്തിലെ നായകനായി റഹ്മാനെ കണ്ടെത്തിയതും.

” കഥാപാത്രം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് സൂര്യയാണ് എന്നെ സമീപിച്ചത്. എനിക്ക് വളരെ സന്തോഷമായി. അപ്പോള്‍ തന്നെ സമ്മതം അറിയിച്ച് തലയാട്ടുകയും ചെയ്തു. ഇതാദ്യമായാണ് ഞാന്‍ ജ്യോതികയ്‌ക്കൊപ്പം അഭിനയിക്കുന്നത്.” റഹ്മാന്‍ പറഞ്ഞു.

മലയാള ചിത്രം “ഹൗ ഓള്‍ഡ് ആര്‍ യൂ” റഹ്മാന്‍ ഇതുവരെ കണ്ടിട്ടില്ല. സിനിമ കാണാതെയാണ് തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ അദ്ദേഹം തയ്യാറായത്. ഇതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ- “തിരക്കഥയെഴുതിയ ബോബി സഞ്ജയ് ടീമിലും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.”

അതിനിടെ സിദ്ധാര്‍ത്ഥ് ബസു ഒഴികെ മലയാള ചിത്രത്തിലെ മറ്റാരും തമിഴ് റീമേക്കിലില്ലെന്നാണറിയുന്നത്. ചിത്രത്തിന്റെ താരനിര്‍ണയം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. നവംബര്‍ 16 നാണ് ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ സിനിമ ചെയ്യുന്നതില്‍ വലിയ ടെന്‍ഷനൊന്നുമില്ല. സൂര്യയും ജ്യോതികയും വളരെ താഴ്മയോടെ പെരുമാറുന്നവരാണ്. തന്റെ സ്വപ്‌ന പ്രോജക്ടിനായി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സംവിധായന്‍ പറഞ്ഞു.

മലയാള സിനിമയുടെ കഥ നിലനിര്‍ത്തിക്കൊണ്ടാണ് റീമേക്ക് ചെയ്യുന്നത്. മനുഷ്യന്റെ വികാരങ്ങള്‍ എല്ലായിടത്തും ഒരുപോലെയാണ്. സാംസ്‌കാരികമായി വ്യത്യാസമുണ്ടാവാം. എല്ലായിടത്തുമുള്ള പ്രേക്ഷകര്‍ക്കും ഈ കഥ മനസിലാക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനിടെ ചിത്രത്തിന്റെ ബോളിവുഡ് റീമേക്കില്‍ കാജോള്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാജോളിനെ സമീപിച്ചെന്ന കാര്യം റോഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തിരക്കഥ വായിച്ച താരം ചിത്രം ചെയ്യാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ അവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും റോഷന്‍ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more