| Monday, 2nd October 2017, 2:17 pm

ഓപ്പണര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ധവാനും രഹാനെയും; മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി രഹാനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ പ്രകടനത്തിലൂടെ ടീമിലെ ഓപ്പണര്‍ സ്ഥാനത്തിനുവേണ്ടിയുള്ള തന്റെ യോഗ്യത ഒന്നുകൂടെ തെളിയിച്ചിരിക്കുകയാണ് അജിന്‍ക്യാ രഹാനെ. നാല് മത്സരങ്ങളില്‍ താരം തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അതേസമയം, രോഹിത്-ധവാന്‍ ജോഡിയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ഓപ്പണിംഗ് കൂട്ടുകെട്ട്.

ഇതോടെ ടീം മാനേജുമെന്റും ആശങ്കയിലായിരിക്കുകയാണ്. തനിക്ക് കിട്ടുന്ന അവസരങ്ങളിലെല്ലാം നന്നായി കളിച്ചു കൊണ്ട രഹാനെ തന്റെ അവകാശം ഓര്‍മ്മപ്പെടുത്തുകയാണ്. നന്നായി കളിച്ചിട്ടും അടുത്ത മത്സരത്തില്‍ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന സംശയത്തിനിടയിലും നന്നായി കളിക്കുന്നു എന്നതാണ് രഹാനെയെ വ്യത്യസ്തനാക്കുന്നത്.

ഭാര്യയ്ക്ക് സുഖമില്ലാത്തതിനെ തുടര്‍ന്നായിരുന്നു ഫോമിലായിരുന്ന ധവാന്‍ ടീമില്‍ നിന്നും പിന്മാറിയത്. ഇതോടെ രഹാനെയ്ക്ക് അവസരമൊരുങ്ങുകയായിരുന്നു. ഓസീസിനെതിരായ ട്വന്റി-20 ലൂടെ ധവാന്‍ തിരികെ വരികയാണ്.

എന്നാല്‍ സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്ക രഹാനെയ്ക്കില്ല. തനിക്ക് അവസരം ലഭിക്കുമ്പോളെല്ലാം നന്നായി കളിക്കുക എന്നതിലുപരിയായി മറ്റൊന്നും ചിന്തിക്കുന്നില്ലെന്നാണ് താരം പറയുന്നത്. ടീമിനു വേണ്ടി തനിക്ക് നല്‍കാന്‍ കഴിയുന്നത് നല്‍കുകയാണ് ലക്ഷ്യമെന്നും കളി ആസ്വദിക്കാനാണ് ഇഷ്ടമെന്നുമാണ് രഹാനെ പറയുന്നത്.


Also Read:  ‘എക്‌സ്‌പൈറി ഡേറ്റിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് ഇടുമല്ലോ; ഈ വണ്ടി റിവേഴ്‌സ് ഗിയറിലാണോ പോണേ’; ട്വന്റി-20 ടീമില്‍ മടങ്ങിയെത്തിയ നെഹ്‌റയ്ക്ക് കയ്യടിച്ചും പൊങ്കാലയിട്ടും ആരാധകര്‍


രോഹിതിന്റെ ഓപ്പണിംഗ് പങ്കാളിയാകുന്നതില്‍ ധവാനുമായുള്ള മത്സരത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുകയായിരുന്നു രഹാനെ.

” ഞാന്‍ നന്നായി ആസ്വദിച്ചു. എന്റെ ഏറ്റവും മികച്ച കളി പുറത്തെടുക്കണമെന്നാണ് എന്നും ആഗ്രഹിക്കുന്നത്. ശിഖറും രോഹിതുമെല്ലാം ഈ മത്സരം ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. അവരും ടീമിനായി ഒരുപാട് ചെയ്തിട്ടുണ്ട്.” രഹാനെ പറയുന്നു.

തനിക്കും രോഹിതിനും പരസ്പരം നന്നായി അറിയാമെന്നും രണ്ടു പേര്‍ക്കും പങ്കാളിയുടെ കുറവും കരുത്തും വ്യക്തമായി അറിയുന്നതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയെ തങ്ങള്‍ ഒരിക്കല്‍ പോലും ചെറുതായി കണ്ടിട്ടില്ലെന്നും രഹാനെ പറഞ്ഞു.

” ഞാനും രോഹിതും പരസ്പരം നന്നായി സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. ടീമിന് നല്ല തുടക്കം കൊടുക്കാനാണ് ഞങ്ങളുടെ ആഗ്രഹം. അതാണ് ഞങ്ങള്‍ക്ക് മൊമന്റം തരുന്നതും.” രഹാനെ കൂട്ടിച്ചേര്‍ക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more