| Friday, 18th December 2015, 10:56 am

ആര്‍.എസ്.പി സംസ്ഥാന സമിതിയംഗം രഘുത്തമന്‍ പിള്ള സി.പി.ഐ.എമ്മിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

150 ഓളം പേര്‍ തനിക്കൊപ്പം വരുമെന്ന് രഘുത്തമന്‍ പിള്ള

കൊല്ലം: കൊല്ലത്തെ ആര്‍.എസ്.പിയില്‍ വന്‍ കൊഴിഞ്ഞു പോക്ക്. ആര്‍.എസ്.പി സംസ്ഥാന സമിതിയംഗം രഘുത്തമന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ സി.പി.ഐ.എമ്മിലേക്ക് ചേരാനൊരുങ്ങുകയാണ്.

ആര്‍.എസ്.പിയുടെ വലതുപക്ഷ ചായ്‌വാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് രഘുത്തമന്‍ പിള്ള വ്യക്തമാക്കി. 150 പേരോളം തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. സി.പി.ഐ.എമ്മിലേക്ക് ചേരുന്നത് സംബന്ധിച്ച് ആര്‍.എസ്.പി നേതാക്കള്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വുമായി ചര്‍ച്ച നടത്തിയിരുന്നു.

ആര്‍.എസ്.പി പ്രവര്‍ത്തകരില്‍ പലര്‍ക്കും പാര്‍ട്ടി യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ പാര്‍ട്ടി പിളര്‍ത്താന്‍ താല്‍പര്യമില്ല. പലരും യു.ഡി.എഫില്‍ തുടരുന്നതിലെ എതിര്‍പ്പ് പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറുമാസത്തിനുശേഷം പ്ലീനം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനിടയ്ക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത്. തെരഞ്ഞെടുപ്പ് വരെ യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതില്‍ പലര്‍ക്കും അതൃപ്തിയുണ്ട്.

ആര്‍.എസ്.പി ദേശീയ സമ്മേളനത്തില്‍ ആര്‍.എസ്.പി തെറ്റു തിരുത്തി ഇടത് പക്ഷത്തോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസാനത്തുനിന്നുള്ള അംഗങ്ങള്‍ പ്രമേയം കൊണ്ടുവന്നിരുന്നു. കോണ്‍ഗ്രസ്സുമായി കൂട്ടുകൂടിയ ആര്‍.എസ്.പി നടപടിക്കെതിരെ ആന്ധ്ര, പശ്ചമബംഗാള്‍, തൃപുര ഘടകങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ദേശീയ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.

അതിനു പുറമേ തദ്ദേശ തെരരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആര്‍.എസ്.പിയെ കാലു വാരിയെന്ന ആരോപണം പാര്‍ട്ടിയ്ക്കകത്ത് ശക്തമായിരുന്നു. വഞ്ചനാപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലേയ്ക്ക് തിരിച്ചു പോകണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയും യുവജനവിഭാഗമായ ആര്‍.വൈ.എഫും ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും സംസ്ഥാന നേതൃത്വം നിലപാട് തള്ളിക്കളയുകയായിരുന്നു.

We use cookies to give you the best possible experience. Learn more