| Tuesday, 30th December 2025, 6:01 pm

എഴുത്തിൽ മാത്രമല്ല; അഭിനയത്തിലും ശക്തമെന്ന് വീണ്ടും തെളിയിച്ച് രഘുനാഥ് പാലേരി

നന്ദന എം.സി

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തിയ സിനിമയാണ് സർവ്വം മായ. സിനിമയിറങ്ങി ദിവസങ്ങൾ കടന്നുപോയെങ്കിലും എല്ലാവരും ചർച്ച ചെയ്യുന്ന പേരാണ് റിയ ഷിബുവിന്റേത്. ഡെലുലുവായി എത്തിയ റിയയും, വർഷങ്ങൾക്കുശേഷമുള്ള നിവിൻ – അജു കൂട്ടുകെട്ടുമാണ് ഏവരും ആഘോഷമാക്കിയത്.

Official poster ,Photo: IMDb

എന്നാൽ ചുരുക്കം ചിലരുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കഥാപാത്രമാണ് നിവിൻ പോളിയുടെ അച്ഛനായി വേഷമണിഞ്ഞ രഘുനാഥ് പലേരി. വ്യത്യസ്തമായ എഴുത്തുകളിലൂടെ ഓരോ മലയാളിയെയും വിസ്മയിപ്പിച്ച പാലേരി, നീലകണ്ഠൻ നമ്പൂതിരിയായി അരങ്ങേറി തന്റെ അഭിനയത്തിലുള്ള കഴിവും ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്.

കുറച്ചു സംഭാഷണങ്ങൾ കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ് പാലേരി. നിവിൻ- രഘുനാഥ്‌ അച്ഛൻ മകൻ ബന്ധം ഓരോ മലയാളി പ്രേക്ഷകർക്കും ഉള്ളിൽ സ്പർശിക്കുന്ന രീതിയിലായിരുന്നു.

ചിത്രത്തിൽ അൽപ്പം കലിശക്കാരനും കഠിനമുഖവുമുള്ള ഒരു അച്ഛനായാണ് രഘുനാഥ്‌ എത്തുന്നത്. മകനോടുള്ള ആഴമുള്ള സ്നേഹം ഉള്ളിൽ ഒളിപ്പിച്ച കഥാപാത്രം. ഭാര്യ മരിച്ചിട്ടും അവളുടെ വസ്ത്രങ്ങളും ഓർമ്മകളും സൂക്ഷിക്കുന്നതും, ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടമായിരുന്ന വളർത്തു മൃഗമായ പപ്പുവിനെ ഭാര്യയുടെ മരണശേഷവും അതേ കരുതലോടെ സ്നേഹിക്കുന്നതുമെല്ലാം ഈ കഥാപാത്രത്തിന്റെ നല്ല വശം വ്യക്തമാക്കുന്നു.

സിനിമയുടെ ആദ്യ ഹാഫിൽ പ്രേക്ഷകരെ ചെറുതായി ചിരിപ്പിക്കുകയും, അതെ സമയം കഥാപാത്രത്തെ കുറിച്ച് വ്യക്തമായ പിടിത്തം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു.

എന്നാൽ സെക്കന്റ് ഹാഫിൽ, മകനോടുള്ള സ്നേഹവും കരുതലും പതിയെ തുറന്നു കാട്ടുമ്പോൾ ഈ അച്ഛൻ മലയാളി മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.

അജു വർഗ്ഗീസ്, നിവിൻ പോളി, Photo: Aju varghese/ Facebook

എഴുത്തുകാരനായി മലയാള സിനിമയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ രഘുനാഥ് പലേരി, മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിന്റെ റൈറ്റായാണ് തുടക്കം കുറിച്ചത്. ഒന്നു മുതൽ പൂജ്യം വരെ, പൊൻമുട്ടയിടുന്ന താറാവ്, പിറവി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ദിശ തന്നെ മാറ്റുകയും ചെയ്തിരുന്നു.

ലൈറ്റ് ഹാർട്ടഡ് കോമഡികളിൽ നിന്ന് പിൻഗാമി, സ്വം, വാനപ്രസ്ഥം, ദേവദൂതൻ പോലുള്ള തീർത്തും വ്യത്യസ്തമായ ചിത്രങ്ങളിലേക്കുള്ള പലേരിയുടെ യാത്രയും ഏറെ ശ്രദ്ധിക്കപെട്ടവയായിരുന്നു.

സർവ്വം മായയിലൂടെ അഭിനയത്തിലും തനിക്കുള്ള കഴിവ് വീണ്ടും തെളിയിക്കുകയാണ് പാലേരി. എഴുത്തിനപ്പുറവും അഭിനയത്തിലും ഒരുപോലെ ശക്തനായ കലാകാരനാണ് അദ്ദേഹമെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.

ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസ്, ജനാർദ്ദനൻ, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Raghunath Paleri’s acting in Sarvam Maya movie

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more