| Saturday, 6th September 2025, 3:02 pm

നിര്‍ത്താതെയുള്ള കൂവല്‍, ആരോടും ചോദിക്കാതെ മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ട് തിയേറ്ററുകാര്‍ തന്നെ ഒഴിവാക്കി: രഘുനാഥ് പാലേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലം തെറ്റിയിറങ്ങിയ ക്ലാസിക്, അതായിരുന്നു 2000ലെ മോഹന്‍ലാല്‍ – സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദേവദൂതന്‍ എന്ന ചിത്രത്തിന് മലയാള സിനിമാ ലോകം നല്‍കിയ വിശേഷണം. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ തിയേറ്ററിലെത്തിയ ചിത്രം അന്ന് വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ കാലം കഴിയും തോറും ദേവദൂതനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമായി നിന്നു.

എന്നാല്‍ രണ്ടര പതിറ്റാണ്ടിന് ശേഷം 4k ദൃശ്യമികവോടെ ചിത്രം തിയേറ്ററുകളില്‍ റീ റിലീസ് ചെയ്തിരുന്നു. രണ്ടാം വരവില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിയെയും അലീനയെയും നിഖില്‍ മഹേശ്വറിനെയും ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

2000ല്‍ ചിത്രം റിലീസ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് തിരക്കഥാകൃത്തായ രഘുനാഥ് പാലേരി. മികച്ച സിനിമയാണ് എന്ന ബോധ്യത്തോടുകൂടിയാണ് അന്നും ദേവദൂതന്‍ റിലീസ് ചെയ്തതെന്നും എന്നാല്‍ പല സീനുകള്‍ക്കും പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചതെന്നും രഘുനാഥ് പലേരി പറഞ്ഞു. ചില പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവദൂതന്‍ കാലത്തിന് മുമ്പേയാണോ, പിറകെയാണോ സഞ്ചരിച്ചതെന്ന് എനിക്ക് അറിയില്ല. ആ സിനിമയുടെ ഭാവം ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ആളുകള്‍ അന്ന് തിയേറ്ററില്‍ വന്നുകാണില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ചിലപ്പോള്‍ ദേവദൂതന് മുമ്പ് വന്ന ചില സിനിമകള്‍ അവരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഇന്നത്തെ കാലത്ത് ഒരു തിയേറ്ററില്‍ 100 പേര്‍ സിനിമ കാണുമ്പോള്‍ ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് കാണുന്നത്. 24 വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമയെപ്പറ്റി ആളുകള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അതൊരു മോശം സിനിമയായിരിക്കില്ലല്ലോ,’ അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ വിദ്യാസാഗറിന്റെ സംഗീതത്തില്‍ പിറവിയെടുത്ത എന്‍ ജീവനെ എന്ന പാട്ടിനെ കുറിച്ചും രഘുനാഥ് പാലേരി സംസാരിച്ചു. ഈ പാട്ട് സ്‌ക്രീനില്‍ വന്നപ്പോള്‍ ആളുകള്‍ കൂവിയിരുന്നു എന്നാണ് രഘുനാഥ് പാലേരി പറയുന്നത്. കൂവലിനെ തുടര്‍ന്ന് തിയേറ്ററുകാര്‍ തന്നെ ഈ പാട്ട് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

‘അന്ന് ദേവദൂതന്‍ തിയേറ്ററില്‍ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവം ഇപ്പോഴും ഓര്‍മയുണ്ട്. എന്‍ ജീവനേ എന്ന പാട്ടിന് തിയേറ്റില്‍ വന്‍ കൂവലായിരുന്നു. ഒരാഴ്ച കഴിഞ്ഞ് തിയേറ്ററുകാര്‍ ആ പാട്ട് കട്ട് ചെയ്ത് കളഞ്ഞെന്ന് ഞാനറിഞ്ഞു. നിര്‍മാതാവിനോട് പോലും അവര്‍ ഇക്കാര്യം ചോദിച്ചില്ല,’ രഘുനാഥ് പലേരി പറഞ്ഞു.

ദേവദൂതന്‍

സിബി മലയിലിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ദേവദൂതന്‍. സിയാദ് കോക്കറായിരുന്നു നിര്‍മാതാവ്. മോഹന്‍ലാലിന് പുറമെ ജയപ്രദ, വിനീത് കുമാര്‍, ജനാര്‍ദനന്‍, വിജയലക്ഷ്മി, മുരളി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്നു. ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.

എന്നാല്‍ 2024ല്‍ ചിത്രം റീ റിലീസ് ചെയ്തിരുന്നു. അനാവശ്യ ഭാഗങ്ങളെല്ലാം ഒഴിവാക്കി തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമേറ്റുവാങ്ങി.

Content Highlight: Raghunath Paleri about Devadoothan movie and En Jeevane song

Latest Stories

We use cookies to give you the best possible experience. Learn more