| Tuesday, 22nd September 2026, 6:00 pm

കര്‍ണന്മാരെ തട്ടീട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണല്ലോ, മമ്മൂട്ടി മുതല്‍ സൂര്യ വരെയുള്ള ലിസ്റ്റില്‍ ലേറ്റസ്റ്റ് എന്‍ട്രിയായി രാഘവ ലോറന്‍സ്

അമര്‍നാഥ് എം.

ഹോളിവുഡ് സിനിമകള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ കെല്പുള്ള ഇന്ത്യന്‍ ഇതിഹാസമാണ് മഹാഭാരതം. ഓരോ കഥാപാത്രത്തിനും പ്രത്യേകം സിനിമകളൊരുക്കാനുള്ള കണ്ടന്റ് മഹാഭാരതത്തിലുണ്ട്. കഴിവുള്ള സംവിധായകര്‍ അതിന് മുതിരാത്തതും താങ്ങാവുന്നതിനുമപ്പുറമുള്ള പ്രൊഡക്ഷന്‍ കോസ്റ്റുമാണ് പലരെയും ഇതില്‍ നിന്ന് പിന്‍വലിപ്പിക്കുന്നത്.

മഹാഭാരതത്തില്‍ ഏറ്റവും ഫാന്‍ബേസുള്ള കഥാപാത്രങ്ങളിലൊരാളാണ് കര്‍ണന്‍. കൗരവപക്ഷത്താണെങ്കിലും ഹീറോയിക് ഇമേജാണ് പലരും കര്‍ണന് നല്‍കുന്നത്. ഇതുവരെ പുറത്തുവന്ന മഹാഭാരതം സീരിയലിലും കര്‍ണന് വലിയ ഫാന്‍ ബേസുണ്ട്. കര്‍ണന്‍ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമകള്‍ വേണമെന്ന് പലരും ആഗ്രഹം പങ്കുവെക്കാറുണ്ട്.

കര്‍ണന്‍ എന്ന കഥാപാത്രത്തെ നായകനാക്കി നിരവധി സിനിമകള്‍ അനൗണ്‍സ് ചെയ്‌തെങ്കിലും ഒന്നും പുറത്തുവന്നിട്ടില്ല. വമ്പന്‍ താരങ്ങളെയാണ് ഓരോ സിനിമയിലും നായകനാക്കി അനൗണ്‍സ് ചെയ്തിട്ടുള്ളത്. ലിസ്റ്റിലെ ലേറ്റസ്റ്റ് എന്‍ട്രിയാണ് തമിഴ് താരം രാഘവ ലോറന്‍സ്. രമേശ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

രാഘവയുടെ കര്‍ണന് പിന്നാലെ മുമ്പ് അനൗണ്‍സ് ചെയ്ത മറ്റ് കര്‍ണന്മാരെക്കുറിച്ചും ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയെ നായകനാക്കിയാണ് ആദ്യമായി കര്‍ണന്‍ അനൗണ്‍സ് ചെയ്തത്. നടനും സംവിധായകനുമായ പി. ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന പ്രൊജക്ട് പല കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു.

പിന്നാലെ പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു കര്‍ണനും അനൗണ്‍സ് ചെയ്തു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ബ്ലോക്ക്ബസ്റ്ററൊരുക്കിയ ആര്‍.എസ്. വിമലായിരുന്നു ഈ പ്രൊജക്ട് സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഈ പ്രൊജക്ടില്‍ നിന്ന് പൃഥ്വി പിന്മാറിയിരുന്നു. പൃഥ്വിക്ക് പകരം ഈ പ്രൊജക്ടിലേക്ക് തമിഴ് താരം വിക്രം എത്തിയെങ്കിലും പിന്നീട് അതും മുടങ്ങിപ്പോയി.

വിക്രമിന്റെ കര്‍ണനും മുടങ്ങിയതോടെ വേറെ പ്രൊജക്ടുകള്‍ ആരും അനൗണ്‍സ് ചെയ്യില്ലെന്നായിരുന്നു കരുതിയത്. അടുത്തിടെ തമിഴ് താരം സൂര്യയെ നായകനാക്കി ഇതേ തീമില്‍ മറ്റൊരു പ്രൊജക്ടിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു. ബോളിവുഡ് സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റയായിരുന്നു ഈ പ്രൊജക്ടിന്റെ സംവിധായകന്‍. എന്നാല്‍ ബജറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം ഈ പ്രൊജക്ടിന്റെ ഭാവിയും എങ്ങുമെത്താതെ പോയി. ഇപ്പോഴിതാ രാഘവ ലോറന്‍സിന്റെ കര്‍ണന്റെ അവസ്ഥ എന്താകുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Raghawa Lawrence new movie titled as Mahaveer Karna

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more