| Wednesday, 9th September 2026, 11:01 am

പഞ്ചാബിൽ വെട്ടിയ രാഘവ് ചദ്ദയുടെ പേര് ദൽഹി വോട്ടർപട്ടികയിൽ തിരുകിക്കയറ്റി; നടപടി ചോദ്യം ചെയ്ത് എ.എ.പി

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: നിലവിലെ എസ്.ഐ.ആർ നടപടികൾക്കിടെ പഞ്ചാബ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ രാഘവ് ചദ്ദയുടെ പേര് ദൽഹി വോട്ടർ പട്ടികയിൽ ചേർത്തതിനെച്ചൊല്ലി വിമർശനവുമായി എ.എ.പി.

ചദ്ദയുടെ പേര് ചട്ടവിരുദ്ധമായാണ് ദൽഹി പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന വിമർശനവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തിയപ്പോൾ, തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന മറുപടിയുമായി രാഘവ് ചദ്ദയും തിരിച്ചടിച്ചു.

പഞ്ചാബിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിന് ശേഷം സാധാരണ വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമങ്ങളിലൂടെയാണ് ചദ്ദയുടെ പേര് ദൽഹിയിലെ പട്ടികയിൽ ചേർത്തതെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

എന്നാൽ, രാജേന്ദ്ര നഗർ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പേര് ഉൾപ്പെടുത്തിയതെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചു.

ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ബന്ധപ്പെട്ട പോളിങ് ഏരിയയിൽ 746 വോട്ടർമാരാണ് ഉണ്ടായിരുന്നതെന്നും, എന്നാൽ ചദ്ദയുടെ പേര് 747-ാമതായി തിരുകിക്കയറ്റുകയായിരുന്നുവെന്നും ദൽഹി എ.എ.പി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി. ഏത് നടപടിക്രമത്തിന്റെ അടിസ്ഥാനത്തിലാണ് പേര് ചേർത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, എസ്.ഐ.ആർ നടപടികൾക്കിടയിലും പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതും പരിഗണിക്കുന്നതും സ്വാഭാവിക നടപടിയാണെന്ന് ദൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയം അറിയിച്ചു.

എന്നാൽ ആരോപണങ്ങൾ പൂർണമായും തള്ളിയ രാഘവ് ചദ്ദ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചാണ് അപേക്ഷ നൽകിയതെന്ന് വ്യക്തമാക്കി. പാർട്ടി വിട്ടതുമുതൽ കെജരിവാളും എ.എ.പിയും തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

‘കെജരിവാൾ ആം ആദ്മി പാർട്ടിയും എന്നെ വേട്ടയാടുന്നു. ഞാൻ അഴിമതിയുള്ള എ.എ.പി വിട്ടതുമുതൽ, അതിന്റെ നേതൃത്വത്തിന് അത് സഹിക്കാൻ കഴിയുന്നില്ല. തന്നെ ഉപേക്ഷിച്ചുപോയ ഒരാളോട് പകയുള്ള മുൻ പ്രണയിയെപ്പോലെയാണ് അവർ പെരുമാറുന്നത്,’ അദ്ദേഹം പറഞ്ഞു.

വോട്ടർ പട്ടികയെയും പാർട്ടിയുടെ അംഗത്വ പട്ടികയെയും എ.എ.പി ഒന്നായി കാണുകയാണെന്നും, തങ്ങളെ എതിർക്കുന്നവരെ പട്ടികയിൽ നിന്ന് പുറത്താക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Raghav Chadha’s Name Removed in Punjab, Inserted into Delhi Voter List; AAP Questions the Action.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more