ഷെയ്ന്‍ നിഗമിനെ നായകനാക്കി റഫീഖ് വീര സംവിധാനം ചെയ്ത് ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഹാല്‍. റിലീസിന് മുമ്പായി സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ പെട്ട സിനിമയായിരുന്നു ഹാല്‍. ചിത്രത്തില്‍ നിന്ന് ചില ഡയലോഗുകളും രംഗങ്ങളും നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമുണ്ടായിരുന്നു.
ഹാല്‍ Photo: Screengrab/ Think music/ youtube.com
ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് തനിക്ക് ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ വീര.
‘നായകനെ ലവ് ജിഹാദില്‍ പെടുത്തി, അകത്തിടുകയാണെങ്കില്‍ ഈ സിനിമ സുന്ദരമായേനെ എന്നാണ് സെന്‍സര്‍ ബോര്‍ഡ് ആദ്യം പറഞ്ഞത്. ഒരു സമുദായത്തില്‍ പെട്ടയാള്‍ മറ്റൊരു സമുദായത്തില്‍ പെട്ടയാളെ കല്യാണം കഴിച്ചാല്‍ ക്രൈമാക്കിയിട്ട് അവനെ അകത്തിടണമെന്നാണ് പറയുന്നത്.
അങ്ങനെ ചെയ്തിരുന്നതെങ്കില്‍ സിനിമ സുന്ദരമായേനേ എന്ന്. മുസ്‌ലീം സമുദായത്തില്‍ നിന്ന് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ മതം മാറേണ്ട ആവശ്യമില്ല,’വീര പറയുന്നു.
ഖുറാനിലും ബൈബിളിലും മതം മാറ്റം അനിവാര്യമല്ലെന്നാണ് പറയുന്നതെന്നും രണ്ട് പേര് സുന്ദരമായി പ്രണയിച്ച് ഒരുമിച്ച് ജീവിക്കുന്നതാണ് ഇവിടെ മറ്റുള്ളവര്‍ക്ക് പ്രശ്‌നമെന്നും വീര പറഞ്ഞു. ഒരാളെ സ്‌നേഹിച്ചാല്‍ മതം നോക്കി അവരെ കൊല്ലുക, ജയിലിലിടുക, ലവ് ജിഹാദ് പറയുക ഇതൊക്കെയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാലിന് പ്രദര്‍ശനാനുമതി നല്‍കണമെങ്കില്‍ ചിത്രത്തില്‍ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉള്‍പ്പെടെ പല രംഗങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ ഇതിന് നേരെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചു. വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം കോടതിയില്‍ എത്തുകയും നാല് കട്ടുകള്‍ സിങ്കിള്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.
Content Highlight: Rafiq Veera Haal on the movie and the Censor Board’s concerns