| Tuesday, 18th August 2026, 9:33 am

ചരിത്രത്തിലെ ആദ്യ ബ്രസീലിയന്‍; ബാഴ്‌സക്കൊപ്പം പുതിയ റോളില്‍ റാഫിഞ്ഞ്യാ

സുദേവ് എ

പുതിയ സീസണില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ ബ്രസീലിയന്‍ സൂപ്പര്‍താരം റാഫിഞ്ഞ്യാ നയിക്കും. ടീമിന്റെ മുന്‍ നായകന്മാരായ ആന്ദ്രേ ടെര്‍ സ്റ്റീഗന്‍, റൊണാള്‍ഡ് അരോഹ എന്നിവര്‍ ടീം വിട്ടതിന് പിന്നാലെയാണ് റാഫിഞ്ഞ്യായെ തേടി പുതിയ ചുമതലയെത്തിയത്. ബാഴ്‌സലോണയുടെ ചരിത്രത്തില്‍ ടീമിന്റെ ഒന്നാം ക്യാപ്റ്റനാവുന്ന ആദ്യ ബ്രസീലിയന്‍ താരമാണ് റാഫിഞ്ഞ്യാ.

ഒന്നാം ക്യാപ്റ്റനായ റാഫിഞ്ഞ്യാക്ക് പുറമെ നാല് താരങ്ങളും ടീമിന്റെ ക്യാപ്റ്റന്‍സി നിരയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഫ്രാങ്കി ഡി ജോങ്, ഗാവി, പെഡ്രി, എറിക് ഗാര്‍ഷ്യ തുടങ്ങിയ താരങ്ങളാണ് നേതൃത്വ നിരയില്‍ ഇടം നേടിയിട്ടുള്ളത്.

കറ്റാലന്മാരുടെ മുന്നേറ്റ നിരയില്‍ ഒഴിച്ചുകൂടാനാവാത്ത താരമാണ് റാഫിഞ്ഞ്യാ. 2022ല്‍ സ്പാനിഷ് ക്ലബ്ബിലെത്തിയ ബ്രസീലിയന്‍ താരം 75 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണില്‍ 34 ഗോളുകള്‍ നേടി തന്റെ ഏറ്റവും മികച്ച സീസണാക്കി മാറ്റാന്‍ ബ്രസീലിയന്‍ താരത്തിന് സാധിച്ചു.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഫെറാന്‍ ടോറസ് തുടങ്ങിയ പ്രധാന സ്‌ട്രൈക്കര്‍മാര്‍ മറ്റ് ക്ലബ്ബുകളിലേക്ക് കൂടുമാറിയതിനാല്‍ ഈ സീസണില്‍ ബാഴ്‌സയുടെ മുന്നേറ്റ നിരയില്‍ റാഫിഞ്ഞ്യായുടെ പ്രകടനം ഏറെ നിര്‍ണായകമാകും. പോളിഷ് സ്‌ട്രൈക്കര്‍ എം.എല്‍.എസ് ക്ലബ്ബ് ചിക്കാഗോ ഫയറിലേക്ക് ചേക്കേറിയപ്പോള്‍ ടോറസ് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നിലേക്കും കൂടുമാറി.

ലെവന്‍ഡോസ്‌കി ഫ്രീ ട്രാന്‍സ്ഫറിലാണ് അമേരിക്കയിലേക്ക് കൂടുമാറിയത്. മറുഭാഗത്ത് സ്പാനിഷ് താരം 50 മില്യണ്‍ യൂറോക്കാണ് നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരുടെ തട്ടകത്തിലേക്കെത്തുന്നത്. ഈ സാഹചര്യത്തില്‍ ക്യാപ്റ്റനായും മുന്നേറ്റ നിരയിലും റാഫിഞ്ഞ്യാ തിളങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം പുതിയ ലാ ലിഗ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 20നാണ് കറ്റാലന്മാര്‍ ലീഗിലെ ആദ്യ മത്സരത്തിറങ്ങുന്നത്. എല്‍ച്ചെയാണ് ടീമിന്റെ എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് തവണ ലാ ലിഗ കിരീടം സ്വന്തമാക്കിയ ബാഴ്സലോണ ഇത്തവണ ഹാട്രിക് കിരീടമായിരിക്കും ലക്ഷ്യം വെക്കുക.

Content Highlight: Brazilian player Rafinha set to lead Barcelona in new season

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more