| Tuesday, 1st September 2026, 1:30 pm

മെസിക്ക് ശേഷം ബാഴ്‌സയില്‍ ഇതാദ്യം; ലാ ലിഗയില്‍ ആഞ്ഞടിച്ച് ബ്രസീലിയന്‍ കൊടുങ്കാറ്റ്

സുദേവ് എ

ലാ ലിഗയില്‍ ഹാട്രിക് വിജയവുമായി നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണ കുതിക്കുകയാണ്. സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ റയോ വല്ലെകാനോയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു കറ്റാലന്മാര്‍ വീഴ്ത്തിയത്.

ലാമിന്‍ യമാലിന്റെയും റഫീന്യയുടെയും ഇരട്ട ഗോള്‍ കരുത്തിലാണ് ബാഴ്‌സ വമ്പന്‍ ജയം സ്വന്തമാക്കിയത്. ഈ സീസണില്‍ ഇതുവരെ അഞ്ച് ഗോളുകളാണ് റഫീന്യ എതിരാളികളുടെ വലയില്‍ എത്തിച്ചത്. ആദ്യ മത്സരത്തില്‍ എല്‍ച്ചെക്കെതിരെ ഇരട്ട ഗോള്‍ നേടി തിളങ്ങിയ ബ്രസീലിയന്‍ താരം രണ്ടാം മത്സരത്തില്‍ അത്‌ലെറ്റിക്കിനെതിരെ ഒരു ഗോളും നേടി.

മൂന്നാം മത്സരത്തിലും ഗോള്‍ വേട്ട തുടര്‍ന്നതോടെ ഒരു വമ്പന്‍ റെക്കോഡും ബ്രസീലിയന്‍ താരം കൈവരിച്ചു. ഇതിഹാസ താരം ലയണല്‍ മെസിക്ക് ശേഷം ഒരു ലാ ലിഗ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകള്‍ നേടുന്ന താരമായാണ് റഫീന്യ മാറിയത്.

2017-18 സീസണിലായിരുന്നു മെസി ബാഴ്‌സലോണക്കായി റെക്കോഡ് ഗോള്‍ വേട്ട നടത്തിയത്. ഇപ്പോള്‍ നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം റഫീന്യയുടെ ബൂട്ടുകളിലൂടെ വീണ്ടും ഈ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്.

മത്സരം തുടങ്ങി 12ാം മിനിട്ടില്‍ സെര്‍ജിയോ കാമെലോയിലൂടെ സന്ദര്‍ശകര്‍ ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 19ാം മിനിട്ടില്‍ റഫീന്യയിലൂടെ ബാഴ്‌സ ഗോള്‍ തിരിച്ചടിച്ചു. നാല് മിനിട്ടിനിപ്പുറം ലാമിന്‍ യമാലിലൂടെ ബാഴ്സ ലീഡും സ്വന്തമാക്കി. ഒടുവില്‍ ഒരു ഗോളിന്റെ ലീഡുമായി ബാഴ്സ ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയില്‍ 51ാം മിനിട്ടില്‍ ഫ്ളോറിന്‍ ലെജെന്നിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ബാഴ്സ ലീഡ് ഇരട്ടിയാക്കിയത്. എന്നാല്‍ 59ാം മിനിട്ടില്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളുമായി സെര്‍ജിയോ കാമെലോ വീണ്ടും കരുത്തുകാട്ടി.

71ാം മിനിട്ടില്‍ റഫീന്യ മത്സരത്തിലെ രണ്ടാം ഗോളും നിശ്ചിത സമയത്തിന്റെ അവസാന നിമിഷം യമാലും മത്സരത്തിലെ രണ്ടാം ഗോള്‍ നേടി ബാഴ്സയ്ക്ക് വമ്പന്‍ വിജയം സമ്മാനിച്ചു.

ഈ കൂറ്റന്‍ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാനും ബാഴ്സയ്ക്ക് സാധിച്ചു. മൂന്ന് മത്സരവും ജയിച്ചുകൊണ്ട് ഒമ്പത് പോയിന്റോടെയാണ് ബാഴ്‌സ ഒന്നാം സ്ഥാനത്തുള്ളത്.

സെപ്റ്റംബര്‍ ആറിനാണ് ബാഴ്സ അടുത്ത മത്സരത്തിനിറങ്ങുന്നത്. വലന്‍സിയയാണ് എതിരാളികള്‍.

Content Highlight: Rafinha set a huge record for Barcelona in La Liga

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more