| Monday, 7th September 2026, 4:10 pm

റൊണാള്‍ഡോയെ വീഴ്ത്തി മെസിക്കൊപ്പം; ചരിത്രം സൃഷ്ടിച്ച് റഫീന്യ

സുദേവ് എ

ലാ ലിഗയില്‍ ഹാട്രിക് കിരീടമെന്ന ലക്ഷ്യവുമായി നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണ അപരാജിത കുതിപ്പ് തുടരുകയാണ്. നാലാം മത്സരത്തില്‍ വലന്‍സിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് കറ്റാലന്മാര്‍ പുതിയ സീസണില്‍ പരാജയമറിയാതെയാണ് കുതിക്കുന്നത്.

ബ്രസീലിയന്‍ താരം റഫീന്യയുടെ മിന്നും ഫോമിലാണ് ബാഴ്‌സയുടെ തേരോട്ടം. വലന്‍സിയെക്കെതിരെ ഒരു ഗോള്‍ നേടിയ റഫീന്യ ഈ സീസണില്‍ ഇതുവരെ ആറ് ഗോളുകളാണ് എതിരാളികളുടെ വലയില്‍ എത്തിച്ചത്.

ആദ്യ മത്സരത്തില്‍ എല്‍ച്ചെക്കെതിരെ ഇരട്ട ഗോള്‍ നേടി തിളങ്ങിയ ബ്രസീലിയന്‍ താരം രണ്ടാം മത്സരത്തില്‍ അത്ലെറ്റിക്കിനെതിരെ ഒരു ഗോളും നേടി. റയോ വല്ലെകാനോക്കെതിരെ ഇരട്ട ഗോളും നേടി ബ്രസീലിയന്‍ താരം തിളങ്ങി.

ഇതോടെ ബാഴ്‌സയുടെ എക്കാലത്തെയും മികച്ച ഇതിഹാസമായ ലയണല്‍ മെസിയുടെ ഒരു വമ്പന്‍ റെക്കോഡിനൊപ്പമെത്താനും റഫീന്യക്ക് സാധിച്ചു. ഒരു ലാ ലിഗ സീസണിലെ ആദ്യ നാല് മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകള്‍ നേടുന്ന താരമെന്ന മെസിയുടെ നേട്ടത്തിനൊപ്പമാണ് റഫീന്യയെത്തിയത്.

മെസിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാഴ്‌സ താരം കൂടിയാണ് റഫീന്യ. മെസി രണ്ട് തവണ ഒരു സീസണിലെ ആദ്യ നാല് മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2012-13 സീസണിലായിരുന്നു താരത്തിന്റെ ആദ്യ നേട്ടം. 2013-14 സീസണിലും അര്‍ജന്റൈന്‍ ഇതിഹാസം ഈ നേട്ടം ആവര്‍ത്തിച്ചു.

റയല്‍ മാഡ്രിഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒരിക്കല്‍ പോലും ഇത്തരത്തിലൊരു ഗോള്‍ വേട്ട നടത്താന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റയലില്‍ എത്തിയ ശേഷം ഒരു സീസണിലെ തുടക്കത്തിലെ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകള്‍ നേടാനേ റൊണാള്‍ഡോക്ക് സാധിച്ചിട്ടുള്ളൂ. മൂന്ന് സീസണുകളിലാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയത്. 2009-10, 2014-15, 2015-16 സീസണുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍ വേട്ട.

റൊണാള്‍ഡോയുടെ ഈ ഗോള്‍ സ്‌കോറിങ് റെക്കോഡും തകര്‍ത്താണ് ബ്രസീലിയന്‍ താരം കുതിക്കുന്നത്. വരും മത്സരങ്ങളിലും റഫീന്യയുടെ ബൂട്ടുകളില്‍ നിന്നും ഗോള്‍ മഴ പെയ്യുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

അതേസമയം വലന്‍സിയക്കെതിരെയുള്ള മത്സരത്തില്‍ റഫീന്യക്ക് പുറമെ സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍ ഇരട്ട ഗോള്‍ നേടി തിളങ്ങി. ഫെര്‍മിന്‍ ലോപസ്, പെഡ്രി എന്നിവര്‍ ഓരോ ഗോളുകള്‍ വീതവും നേടി ബാഴ്‌സക്ക് വമ്പന്‍ വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമാവുകയും ചെയ്തു.

ഈ വിജയത്തോടെ ലാ ലിഗ പോയിന്റ് പട്ടികയില്‍ നാല് വിജയവുമായി ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരാനും ബാഴ്സക്ക് സാധിച്ചു.

യുവേഫ ചാമ്പ്യന്‍സ് ലീഗിലാണ് ഇനി ബാഴ്സ അടുത്ത മത്സരം കളിക്കുക. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ ഫെയ്നൂര്‍ഡാണ് എതിരാളികള്‍. സ്പാനിഷ് ലീഗില്‍ സെപ്റ്റംബര്‍ 13നാണ് ബാഴ്‌സ കളത്തിലിറങ്ങുക. ലെവന്റെയാണ് സ്പാനിഷ് വമ്പന്മാരുടെ എതിരാളികള്‍.

Content Highlight: Rafinha matches Lionel Messi La liga record for Barcelona

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more