യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ വിജയം സ്വന്തമാക്കി വരവറിയിച്ചിരിക്കുകയാണ് ബാഴ്‌സലോണ. സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ ഡച്ച് ക്ലബ്ബ് ഫെയ്‌നൂർഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ബാഴ്സ ചാമ്പ്യൻസ് ലീഗിലെ ഈ സീസണിലെ തേരോട്ടം തുടങ്ങിയത്.
മത്സരത്തിൽ ബാഴ്സക്ക് വേണ്ടി റഫീന്യ ഇരട്ട ഗോൾ നേടി തിളങ്ങി. ലാമിൻ യമാൽ, കരിം അദേയാമി, ഗബ്രിയേൽ ജീസസ് എന്നിവരും ബാഴ്സക്കായി ലക്ഷ്യം കണ്ടു. സെം സ്റ്റൈജനാണ് സന്ദർശകരുടെ ആശ്വാസ ഗോൾ നേടിയത്.
ലാ ലിഗയിൽ തുടരുന്ന ആധിപത്യം യു.സി.എല്ലിലും കാഴ്ചവെച്ചാണ് ബാഴ്‌സ ജയം പിടിച്ചടക്കിയത്. ബ്രസീലിയൻ താരം റഫീന്യയുടെ മിന്നും ഫോമിലാണ് ബാഴ്‌സയുടെ തേരോട്ടം. ഈ സീസണിൽ ഇതിനോടകം തന്നെ അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകൾ നേടിയാണ് താരം തിളങ്ങി നിൽക്കുന്നത്.
കറ്റാലന്മാർക്ക് വേണ്ടി ഒരു സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടുന്ന ആദ്യ താരം കൂടിയാണ് റഫീന്യ. ലയണൽ മെസിയടക്കമുള്ള പല ഇതിഹാസങ്ങൾക്ക് പോലും എത്തിപ്പിടിക്കാനാവാത്ത ഗോൾ സ്കോറിങ് റെക്കോഡാണ് റഫീന്യ നടത്തിക്കൊണ്ടിരിക്കുന്നത്.
ആദ്യ മത്സരത്തിൽ എൽച്ചെക്കെതിരെ ഇരട്ട ഗോൾ നേടി തിളങ്ങിയ ബ്രസീലിയൻ താരം രണ്ടാം മത്സരത്തിൽ അത്ലെറ്റിക്കിനെതിരെ ഒരു ഗോളും നേടി. റയോ വല്ലെകാനോക്കെതിരെ ഇരട്ട ഗോളും നേടി റഫീന്യ തിളങ്ങി.
നാലാം മത്സരത്തിൽ വലൻസിയക്കെതിരെ ഒരു ഗോളും ബ്രസീലിയൻ താരം നേടി. ഇപ്പോൾ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിലും ഇരട്ട ഗോൾ നേടിയതോടെയാണ് റഫീന്യ പുതിയ ചരിത്രം സൃഷ്ടിച്ചത്.
അതേസമയം ആദ്യ മത്സരത്തിലെ വമ്പൻ വിജയത്തിന് പിന്നാലെ യു.സി.എൽ പോയിന്റ് പട്ടികയിൽ പി.എസ്.ജിക്ക് പിന്നാലെ രണ്ടാമതാണ് ബാഴ്‌സലോണ. ചാമ്പ്യൻസ് ലീഗിൽ ഒക്ടോബർ 14നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. റാംസ് പാർക്കിൽ നടക്കുന്ന മത്സരത്തിൽ ഹോം ടീമും ടർക്കിഷ് വമ്പൻമാരുമായ ഗളറ്റാസരേയാണ് എതിരാളികൾ.
Content Highlight: Rafinha create a new history in Barcelona