യുവേഫ ചാമ്പ്യൻസ് ലീഗിൽ ആസ്റ്റൺ വിളക്കെതിരെ തകർപ്പൻ വിജയമായിരുന്നു സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ സ്വന്തമാക്കിയിരുന്നത്. സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നെതിരെ നേരിട്ട കനത്ത തോൽവിയിൽ നിന്നും കറ്റാലന്മാർ ശക്തമായി തിരിച്ചുവരികയായിരുന്നു.
റഫീന്യയുടെ ഇരട്ട ഗോളുകളും യുവതാരം ലാമിൻ യമാലുമാണ് ബാഴ്സക്ക് വമ്പൻ വിജയം സമ്മാനിച്ചത്. ബാഴ്സയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത് യമാലായിരുന്നു. മത്സരം തുടങ്ങി ഏഴാം മിനിട്ടിലായിരുന്നു യമാലിന്റെ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ 52ാം മിനിട്ടിൽ റഫീന്യയുടെ ഗോളിലൂടെ ബാഴ്സ വീണ്ടും ലീഡ് ഉയർത്തി. പിന്നീട് 64ാം മിനിട്ടിൽ താരം മൂന്നാം ഗോളും നേടി.
മത്സരത്തിലെ ഇരട്ട ഗോളുകളോടെ ബാഴ്‌സലോണയ്ക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ബ്രസീലിയൻ താരമെന്ന നേട്ടവും റഫീന്യ സ്വന്തമാക്കി. കറ്റാലന്മാർക്ക് വേണ്ടി 23 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 22 ഗോളുകൾ വീതം നേടിയ മുൻ ബ്രസീലിയൻ താരങ്ങളായ റിവാൾഡോ നെയ്മർ എന്നിവരെയാണ് താരം മറികടന്നത്.
യു.സി.എല്ലിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാനും റഫീന്യക്ക് സാധിച്ചു. 23 ഗോളുകളുമായി പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിക്കൊപ്പമാണ് ബ്രസീലിയൻ താരം. 25 ഗോളുകൾ നേടിയ ലൂയി സുവാരസാണ് രണ്ടാം സ്ഥാനത്തുള്ളത്. വരും മത്സരങ്ങളിൽ മൂന്ന് ഗോളുകൾ കൂടി നേടിയാൽ ഉറുഗ്വേയ്‌ൻ താരത്തെയും റഫീന്യക്ക് മറികടക്കാനാവും.
ബാഴ്സക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം അർജന്റൈൻ ഇതിഹാസം ലയണൽ മെസിയാണ്. 120 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.
അതേസമയം ഈ തകർപ്പൻ വിജയത്തോടെ യു.സി.എൽ പോയിന്റ് പട്ടികയിൽ നാല് മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു തോൽവിയും അടക്കം ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സ. ലാ ലിഗയിൽ നവംബർ ഒമ്പതിനാണ് ബാഴ്സയുടെ അടുത്ത മത്സരം. കരുത്തരായ അത്ലറ്റികോ മാഡ്രിഡാണ് എതിരാളികൾ.
Content Highlight: Rafinha becomes Barcelona’s highest-scoring Brazilian in the Champions League