ഗസ: ഗസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ഭാഗികമായി തുറന്നു. താത്കാലികമായും പരീക്ഷണാടിസ്ഥാനത്തിലുമാണ് അതിര്‍ത്തി വീണ്ടും തുറന്നതെന്ന് ഇസ്രഈല്‍ അധികൃതര്‍ ഞായറാഴ്ച അറിയിച്ചു.
സഹായങ്ങളുമായുള്ള ട്രക്കുകള്‍ ഈജിപ്തില്‍ നിന്നും റഫ അതിര്‍ത്തിയിലൂടെ ഗസയിലേക്ക് കടക്കുന്ന ചിത്രങ്ങളും ഇതിനിടെ പുറത്തെത്തി.
മാനുഷിക സഹായങ്ങളുമായുള്ള ട്രക്കുകള്‍ ഗസയുടെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനുസിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിമിതമായ ആവശ്യങ്ങള്‍ക്കും ആളുകളുടെ സഞ്ചാരത്തിനും മാത്രമേ അതിര്‍ത്തി തുറക്കൂവെന്ന്
വെസ്റ്റ് ബാങ്കിലും ഗസയിലും തുടരുന്ന ഇസ്രഈലി സൈന്യത്തിന്റെ വിഭാഗമായ COGAT പ്രതികരിച്ചു. ഇന്ന് (ഞായറാഴ്ച) റഫ അതിര്‍ത്തി തുറക്കുന്നതിന് മുന്നോടിയായുള്ള പൈലറ്റ് റണ്‍ മാത്രമാണെന്നും തിങ്കളാഴ്ച പൂര്‍ണമായും അതിര്‍ത്തി തുറക്കാന്‍ സാധ്യതയുണ്ടെന്നും ഇസ്രഈല്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, അന്താരാഷ്ട്ര സഹായങ്ങള്‍ എത്തിക്കുന്നത് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇസ്രഈല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഒരു ദിവസം 50 രോഗികള്‍ക്ക് ഗസ വിടാന്‍ അനുവാദമുണ്ടെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുമ്പ് അറിയിച്ചിരുന്നു.
അതേസമയം, തിങ്കളാഴ്ച മുതല്‍ ഇരുദിശകളിലേക്കും ക്രോസിങ് തുറക്കുമെന്നും ഗസയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഫലസ്തീന്‍ കമ്മിറ്റി അറിയിച്ചു.
മാനുഷിക സഹായങ്ങളുമായി ഈജിപ്തില്‍ നിന്നും ഗസയിലേക്ക് പോകുന്നതിനായി റഫ അതിര്‍ത്തി കടക്കുന്ന ട്രക്ക് Photo: getty images/.com
ഇസ്രഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരുള്‍പ്പെടെ 20,000ലേറെ ഫലസ്തീന്‍ പൗരന്മാരാണ് വൈദ്യസഹായത്തിനായി കാത്തിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ആയിരക്കണക്കിന് ഫലസ്തീനികള്‍ അതിര്‍ത്തിക്കപ്പുറമുണ്ടെന്നും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രഈലിനും ഈജിപ്തിനുമായിരിക്കും പുറത്തുകടക്കുന്നവരേയും പ്രവേശിക്കുന്നവരേയും പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം. യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിക്കുന്ന അതിര്‍ത്തി പട്രോളിങ് ഏജന്റുമാര്‍ അതിര്‍ത്തിയുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കും.
രണ്ട് വര്‍ഷത്തിലേറെയായി പൂര്‍ണമായും അടച്ചിട്ടിരിക്കുകയായിരുന്നു റഫ അതിര്‍ത്തി. ഹമാസിന്റെ കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് റഫ അതിര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു 2024 മേയ് മാസത്തില്‍ ഇസ്രഈല്‍ സൈന്യം അതിര്‍ത്തി അടച്ചിട്ടത്.
യു.എസ് മുന്നോട്ട് വെച്ച 20 പോയിന്റ് വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റഫ അതിര്‍ത്തി തുറക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണത്തിന് ശേഷമാണ് അതിര്‍ത്തി തുറന്നിരിക്കുന്നത്.
കഴിഞ്ഞദിവസം മാത്രം ഗസയിലെ ഖാന്‍ യൂനുസിലും റഫ അതിര്‍ത്തിയിലുമടക്കം നടത്തിയ വ്യോമാക്രമണങ്ങളില്‍ ആറ് കുട്ടികളടക്കം 31 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
Content Highlight: Rafah border partially opened; trucks carrying aid enter Gaza