| Sunday, 20th September 2015, 9:47 pm

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. 45 വയസായിരുന്നു. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

“ഗുരു”, “കന്മദം”, “ദയ”, “രക്തസാക്ഷികള്‍ സിന്ദാബാദ്”, “ഉസ്താദ്”, “പ്രണയനിലാവ്‌”, “ദീപസ്തംഭം മഹാശ്ചര്യം” തുടങ്ങിയ ചിത്രങ്ങളിലായി 70 ഓളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇരുന്നൂറിലേറെ ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. സ്‌റ്റേജ് ഷോകളിലും സജീവമായിരുന്നു. “സംഘഗാനം” എന്ന ചിത്രത്തിലെ പുല്‍ക്കൊടിത്തുമ്പിലും എന്ന പാട്ടിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

യേശുദാസ്, ജി വേണുഗോപാല്‍, സുജാത ഉള്‍പ്പെടെയുള്ള പ്രശസ്തരുടെ കൂടെ പാടിയിട്ടുണ്ട്.  മായാമഞ്ചലില്‍ ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ഗാനം. “ഗുരു”വില്‍ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസിനൊപ്പം ദേവസംഗീതം നീയല്ലെ,  “ദീപസ്തംഭം മഹാശ്ചര്യ”ത്തിലെ നിന്റെ കണ്ണില്‍ വിരുന്നുവന്നു, എന്റെ ഉള്ളുടുക്കം കൊട്ടി, “രാവണപ്രഭു”വിലെ തകില് പുകില്, “നന്ദന”ത്തിലെ മനസ്സില്‍ മിഥുന മഴ, “കന്മദ”ത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് എന്നിവയാണ് ശ്രദ്ധേയ ഗാനങ്ങള്‍.

ലളിതഗാനങ്ങളിലൂടെയുമാണ് രാധിക തിലക് പ്രശസ്തയായത്. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സുരേഷാണ് ഭര്‍ത്താവ്.

We use cookies to give you the best possible experience. Learn more