മമിത ബൈജുവിന്റെ സ്വാഭാവികമായ അഭിനയത്തെ പ്രശംസിച്ച് നടി രാധിക ശരത്കുമാർ. സിനിമയിൽ അഭിനയിക്കുമ്പോൾ മമിതയ്ക്ക് യാതൊരു തരത്തിലുള്ള ആൻസൈറ്റിയും ഇല്ലെന്നും, വളരെ സ്വാഭാവികമായി അഭിനയിക്കുന്ന താരമാണ് മമിതയെന്നും രാധിക പറഞ്ഞു. ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ മമിതയുടെ കഥാപാത്രത്തെക്കുറിച്ചും താരത്തെ തിരഞ്ഞെടുത്തതിനെക്കുറിച്ചുമാണ് രാധിക സംസാരിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മന സ്റ്റാർസിന് നൽകിയ അഭിമുഖത്തിലായിരുന്നു രാധിക ശരത്കുമാറിന്റെ പ്രതികരണം.
‘മമ്മു വളരെ ജീനിയസാണ്. ക്യാമറയ്ക്ക് മുന്നിൽ അവളെ കാണണം. അവൾ ഒരു ഡൈനാമൈറ്റാണ്. അഭിനയിക്കുന്ന കാര്യത്തിൽ മമിതയ്ക്ക് ആൻസൈറ്റിയൊന്നുമില്ല. അവൾ ചുമ്മാ പറയുന്നതാണ്. വളരെ നാച്ചുറലായി അഭിനയിക്കുന്ന ആളാണ് മമിത,’ രാധിക പറഞ്ഞു.
മമിത ബൈജു.Photo: Screengrab/ Youtube
ചിത്രത്തിന്റെ സംവിധായകൻ വെങ്കി അറ്റ്‌ലൂരി കഥ പറഞ്ഞപ്പോൾ തന്നെ മമിത അവതരിപ്പിക്കുന്ന കഥാപാത്രം തനിക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ആ കഥാപാത്രത്തെ ആരായിരിക്കും അവതരിപ്പിക്കുകയെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നുവെന്നും രാധിക പറഞ്ഞു. കഥാപാത്രം നന്നായില്ലെങ്കിൽ സിനിമയെ തന്നെ അത് ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടായിരുന്നന്നെന്നും താരം പറയുന്നു.
‘വെങ്കി എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ കഥാപാത്രം എനിക്ക് ഇഷ്ടമായി. പക്ഷേ ഈ പെൺകുട്ടിയെ ആരാണ് അവതരിപ്പിക്കുക എന്നതിൽ എനിക്ക് അതിശയമായിരുന്നു. കാരണം ആ കഥാപാത്രം നന്നായില്ലെങ്കിൽ സിനിമ തന്നെ നന്നാകില്ല. ശരിയായ പെൺകുട്ടിയെ തന്നെ കണ്ടെത്തുമെന്ന് വെങ്കി പറഞ്ഞിരുന്നു. പിന്നീട് ഒരു ദിവസം അദ്ദേഹം വിളിച്ച്, മമിതയെ കണ്ടെത്തിയെന്നും സ്ക്രിപ്റ്റ് റീഡിങ്ങിനായി ഓഫീസിലേക്ക് വരാമോ എന്നും ചോദിച്ചു. അങ്ങനെ മമിത വന്നു. ആദ്യമായി കണ്ടപ്പോൾ തന്നെ അവൾ കഥാപാത്രത്തിനായി നന്നായി തയ്യാറെടുത്തിട്ടുണ്ടെന്ന് മനസിലായി. ഈ കഥാപാത്രം നന്നായി ചെയ്യാൻ കഴിയുന്ന ആളാണ് മമിതയെന്നും ഈ കഥയ്ക്ക് അനുയോജ്യമായ കഥാപാത്രമാണ് അവളെന്നും അന്ന് തന്നെ മനസിലായി,’ രാധിക കൂട്ടിച്ചേർത്തു.
രാധിക ശരത്കുമാർ.മമിത ബൈജു.Photo: Screengrab/ Mana stars/ Youtube
‘ലക്കി ഭാസ്കർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. സൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മമിത ബൈജുവും രാധിക ശരത് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.
Content Highlight: Radhika Sarath Kumar Talks About Actress Mamitha Baiju