നാടകത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് രാധിക ആപ്‌തെ. വാഹ്! ലൈഫ് ഹോ തോ ഐസി! എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലേക്കുള്ള തന്റെ ചുവടുവയ്പ്പ് താരം നടത്തിയത്. അന്താഹീൻ എന്ന ബംഗാളി ചിത്രത്തിൽ പ്രധാന വേഷം ചെയ്തുകൊണ്ടാണ് നടി സിനിമയിൽ സജീവമായ് തുടങ്ങിയത്. കബാലി, ഫോബിയ, പാഡ് മാൻ തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് സിനിമകൾ.
സിനിമയെ കൂടാതെ വെബ് സീരീസിലും മികച്ച പ്രകടനം നടി കാഴ്ച വെച്ചിരുന്നു. ലസ്റ്റ് സ്റ്റോറീസ്, സേക്രഡ് ഗെയിംസ്, ഗൂൽ എന്നിവയാണ് നടി അഭിനയിച്ച വെബ് സീരീസ്. താരത്തിന്റേതായി നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങാനുള്ള പുതിയ സീരീസാണ് ‘അക്ക’.
നടിയുടെ പുതിയ പ്രോജക്ടായ അക്കയുമായ് ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കവെയാണ് താരങ്ങളോടുള്ള പ്രേക്ഷകരുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ചും തനിക്കതിനോടുള്ള അഭിപ്രായത്തെക്കുറിച്ചും രാധിക പറഞ്ഞത്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം.
‘നമ്മുടെ നാട്ടിൽ അഭിനേതാക്കളെ അമിതമായി വാഴ്ത്തുന്ന രീതിയുണ്ട്, അവരെ ദൈവതുല്യരായാണ് പലരും കാണുന്നത്. അതുകൊണ്ട് എല്ലായിടത്തും അഭിനേതാക്കൾക്ക് ലഭിക്കുന്ന പരിഗണനയും വ്യത്യസ്തമാണ്. ഇത് ശരിയായ പ്രവണതയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇത്തരത്തിലുള്ള പ്രതിഷ്ഠ അഥവാ അമിതമായ മഹത്വവൽക്കരണം കുറയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു.
കബാലി.Photo.ScreenGrab/ Youtube.com
ഇതൊരു ജോലിയാണ്, അവരെ ദൈവങ്ങളായി കാണുന്നതിന് പകരം നമ്മളെപ്പോലെ തന്നെ കഠിനാധ്വാനം ചെയ്യുന്ന ഒരു വ്യക്തിയായിത്തന്നെ കാണണം എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ഈ കാര്യത്തിലാകെ എനിക്ക് പ്രശ്നമുണ്ട്,’ രാധിക പറഞ്ഞു.
തന്റെ സ്വകാര്യതയെയും തൊഴിലിനേയും തനിക്ക് വളരെ ഇഷ്ടമാണെന്നും അതുകൊണ്ട് തന്നെ അതിലേക്ക് ആരും അനുവാദം കൂടാതെ വരുന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും നടി വ്യക്തമാക്കി.
‘അണിഞ്ഞൊരുങ്ങി വിമാനത്താവളത്തിൽ പോകുന്ന അവസ്ഥയിൽ എന്നെ നിങ്ങൾ ഒരിക്കലും കാണില്ല. മേക്കപ്പ് ഇട്ട് നടക്കുന്നതോ, അത്തരം കാര്യങ്ങൾ ചെയ്യുന്നതോ എന്നിൽ കാണില്ല. എവിടെയും എന്നെ ഒരു വലിയ സംഘത്തോടൊപ്പം നിങ്ങൾ കാണില്ല. കാരണം എനിക്കിതൊന്നും ഒട്ടും ഇഷ്ടമല്ല, ഇതിന്റെ ഭാഗമാകാൻ ഞാൻ തയ്യാറുമല്ല. ഞാൻ എപ്പോഴും ഇങ്ങനെത്തന്നെയായിരിക്കും,’ നടി പറഞ്ഞു.
നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 30നാണ് ക്രൈം ത്രില്ലർ വെബ് സീരീസായ അക്ക സ്ട്രീമിങ് ആരംഭിക്കുന്നത്. വൈ.ആർ.എഫ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന സീരീസിൽ കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശക്തരായ രണ്ട് സ്ത്രീകളുടെ ഏറ്റുമുട്ടലിന്റെ കഥയാണ് അക്കയിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ധർമ്മരാജ് ഷെട്ടി പറയുന്നത്.
Content Highlight: Radhika Apte stated that many people there looked up to actors as equivalent to God, and added that such excessive glorification needed to reduce.