| Wednesday, 28th October 2026, 10:49 pm

വെളുത്തതുകൊണ്ട് മാത്രമാണ് പല നോര്‍ത്ത് ഇന്ത്യന്‍ നടിമാരെയും സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ കാസ്റ്റ് ചെയ്യുന്നത്, എനിക്കതുമായി പൊരുത്തപ്പെടാനായില്ല: രാധിക ആപ്‌തെ

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരിലൊരാളാണ് രാധിക ആപ്‌തെ. ഭാഷാ വ്യത്യാസമില്ലാതെ പല സിനിമകളിലും തന്റെ പ്രകടനം കൊണ്ട് ശ്രദ്ധ നേടാന്‍ രാധിക ആപ്‌തെക്ക് സാധിച്ചിട്ടുണ്ട്. ഹിന്ദിയില്‍ കരിയറാരംഭിച്ച താരം പിന്നീട് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. നെറ്റ്ഫ്‌ളിക്‌സിനൊപ്പമുള്ള രാധികയുടെ ഏറ്റവും പുതിയ ചിത്രം അക്ക റിലീസിന് തയാറെടുക്കുകയാണ്.

2019 വരെ സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ഭാഗമായിരുന്ന രാധിക ഇപ്പോള്‍ ബോളിവുഡില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ എന്തുകൊണ്ട് കാണുന്നില്ല എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. അവസരം ലഭിക്കാത്തതുകൊണ്ടല്ല താന്‍ സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ഭാഗമാകാത്തത് എന്ന് താരം വ്യക്തമാക്കി.

ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്ന നിരവധി ഫിലിം മേക്കേഴ്‌സ് സൗത്ത് ഇന്ത്യയിലുണ്ടെന്ന് രാധിക ആപ്‌തേ പറയുന്നു. നല്ല സിനിമകള്‍ ഉണ്ടാകുന്നത് താന്‍ അറിയാറുണ്ടെന്നും എന്നാല്‍ അതിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു സമയത്ത് തമിഴിലും തെലുങ്കിലും ഒരുപാട് സിനിമകള്‍ ചെയ്തിരുന്നെന്നും രാധിക പറയുന്നു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു രാധിക ആപ്‌തെ.

‘ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെയ്യാത്തത് വേറൊന്നും കൊണ്ടല്ല. പണ്ട് ഞാന്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാര്‍ എന്നോട് ഒരു കാര്യം പറഞ്ഞു. നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാരെ തമിഴിലും തെലുങ്കിലും കാസ്റ്റ് ചെയ്യുന്നതിന്റെ പ്രധാന കാരണം അവര്‍ വെളുത്തനിറമായതുകൊണ്ടാണ് എന്ന് അറിഞ്ഞപ്പോള്‍ വല്ലാത്ത അവസ്ഥയിലായി.

ഇവിടെ നല്ല കഴിവും ടാലന്റുമുള്ള നടിമാര്‍ ധാരാളമുണ്ട്. അവരെ വിളിച്ചാല്‍ പോരെ എന്ന് ഞാന്‍ പറയും. അത് മാത്രമല്ല, എനിക്ക് ഒട്ടും അറിയാത്ത ഭാഷയാണ്. അത് എങ്ങനെ കണ്‍വേ ചെയ്യുമെന്ന് എനിക്കറിയില്ല. കാരണം ഡയലോഗുകളില്‍ എന്തെങ്കിലും ഇംപ്രൊവൈസേഷന്‍ ചെയ്യണമെന്ന് തോന്നിയാലും അത് നടക്കില്ല. അതെല്ലാം കൊണ്ട് സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്,’ രാധിക ആപ്‌തെ പറയുന്നു.

ധര്‍മരാജ് ഷെട്ടി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ചിത്രമാണ് അക്ക. കീര്‍ത്തി സുരേഷും രാധിക ആപ്‌തെയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ പ്രതീക്ഷകള്‍ നല്‍കി. ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 30ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീം ചെയ്യും.

Content Highlight: Radhika Apte explains why she didn’t part of South Indian Movies

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more