| Tuesday, 3rd November 2026, 7:23 am

അമ്മാവന്റെ പ്രായമുള്ള ഒരു നടനുമായി റൊമാന്‍സ് ചെയ്യേണ്ടി വന്നിട്ടുണ്ട്, സിനിമയുടെ പകുതിക്ക് വെച്ച് എന്റെ കഥാപാത്രം മരിച്ചപ്പോള്‍ ആശ്വാസമായി: രാധിക ആപ്‌തെ

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരിലൊരാളാണ് രാധിക ആപ്‌തെ. മറാത്തി സിനിമകളിലൂടെ കരിയറാരംഭിച്ച രാധിക ആപ്‌തെ പിന്നീട് ബോളിവുഡിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. നെറ്റ്ഫ്‌ളിക്‌സിന്റെ ഹിറ്റ് സീരീസുകളിലെല്ലാം രാധികയുടെ സാന്നിധ്യമുണ്ടായിരുന്നു. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു.

നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യുന്ന അക്ക എന്ന വെബ് സീരീസാണ് രാധികയുടെ പുതിയ പ്രൊജക്ട്. 1980കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് അക്ക. കീര്‍ത്തി സുരേഷും രാധിക ആപ്‌തെക്കൊപ്പം ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അക്കയുടെ പ്രൊമോഷനിടെ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.

കരിയറിന്റെ തുടക്കകാലത്ത് ചെയ്ത പല സിനിമകളിലും അണ്‍കംഫര്‍ട്ടബിളായിട്ടുള്ള രംഗങ്ങളുണ്ടായിരുന്നെന്ന് രാധിക ആപ്‌തെ പറഞ്ഞു. തെലുങ്കിലായിരുന്നു ഇത്തരം അനുഭവങ്ങള്‍ കൂടുതലായും ഉണ്ടായതെന്നും ചില സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ അസ്വസ്ഥത തോന്നിയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. സൂം ചാനലിനോട് സംസാരിക്കുകയായിരുന്നു രാധിക ആപ്‌തെ.

‘ഒരു തെലുങ്ക് സിനിമയുടെ അനുഭവം ഇപ്പോഴും മറക്കാനാകില്ല. കീര്‍ത്തിക്ക് അവരുടെ കസിനുമായി റൊമാന്‍സ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ. എനിക്ക് ആ സിനിമയില്‍ അമ്മാവന്റെ പ്രായമുള്ള ഒരു നടനുമൊത്ത് റൊമാന്‍സ് ചെയ്യേണ്ടി വന്നിരുന്നു. ഏറ്റവും ചാലഞ്ചിങ്ങായിട്ടുള്ള സിനിമയായിരുന്നു അത്. ആ സിനിമയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളോടും എനിക്ക് ദേഷ്യമാണ്.

എന്നെക്കാള്‍ ഒരുപാട് പ്രായമുള്ള നടനൊപ്പം റൊമാന്‍സ് ചെയ്യേണ്ടി വരിക എന്ന് പറയുന്നത് തന്നെ പുരുഷാധിപത്യപരമായ സാഹചര്യമാണ്. എന്നെ സംബന്ധിച്ച് അത് ടഫായ കാര്യമായിരുന്നു. ആ സിനിമയുടെ പകുതിക്ക് വെച്ച് എന്റെ കഥാപാത്രം മരിക്കും. എന്നെ തോളിലിട്ടിട്ടാണ് ആ നടന്‍ പിന്നീട് ഫൈറ്റ് ചെയ്യുന്നത്. ഇതുവരെ ചെയ്തതില്‍ വെച്ച് പ്രയാസമുള്ള വേഷം അതായിരുന്നു,’ രാധിക ആപ്‌തെ പറഞ്ഞു.

താരത്തിന്റെ ഇന്റര്‍വ്യൂ വൈറലായതോടെ ഏത് സിനിമയെയാണ് ഉദ്ദേശിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ അന്വേഷണം ആരംഭിച്ചു. പറഞ്ഞ സൂചനകളനുസരിച്ച് തെലുങ്ക് ചിത്രം ലെജന്‍ഡാണെന്ന് പലരും അഭിപ്രായപ്പെടുന്നു. നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനായ ചിത്രമാണ് രാധിക ഉദ്ദേശിച്ചതെന്നും അതിലെ രംഗങ്ങളെക്കുറിച്ചാണ് താരം പറഞ്ഞതെന്നും സിനിമാപേജുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlight: Radhika Apte about the toughest role in her career

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more