| Friday, 13th February 2026, 11:24 am

നാണക്കാരനായ സൂര്യയോട് ജ്യോതികയുടെ അടുത്ത് പോയി സംസാരിക്കാന്‍ പറഞ്ഞു, ഇന്നവര്‍ക്ക് രണ്ട് കുട്ടികള്‍: രാധിക

അശ്വിന്‍ രാജേന്ദ്രന്‍

തമിഴ് സിനിമാ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. സിനിമയില്‍ കണ്ടുമുട്ടി വിവാഹിതരായ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. പൂവെള്ളം കേട്ടുപാര്‍, ഉയിരിലെ കലന്തത്, കാക്ക കാക്ക, പേരഴകന്‍, മായാവി, സില്ലുന്ന് ഒരു കാതല്‍ തുടങ്ങി അനേകം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിരിക്കുന്നത്.

രാധികയും ശിവകുമാറും അഭിമുഖത്തിനിടെ. Photo: screen grab/ galatta tamil/ youtube.com

തമിഴിലെ മുന്‍നിര നടന്‍ ശിവകുമാറിന്റെ മകനായ സൂര്യ 1997 ല്‍ പുറത്തിറങ്ങിയ നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2000 ല്‍ സൂര്യയും ജ്യോതികയും ഒന്നിച്ചഭിനയിച്ച ഉയിരിലെ കലന്തത് എന്ന ചിത്രത്തില്‍ സൂര്യ ജ്യോതികയുമായി പരിചയപ്പെടാനുണ്ടായ സാഹചര്യം തമാശയോടെ അവതരിപ്പിക്കുന്ന തമിഴ് നടി രാധികയുടെയും ശിവകുമാറിന്റെയും അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഇരുവരും ഓര്‍മകള്‍ പങ്കുവെച്ചത്.

‘സിനിമയില്‍ വന്ന കാലത്ത് സൂര്യ വളരെ നാണക്കാരനായിരുന്നു. ഞാന്‍ അവനോട് ഇങ്ങനെയൊന്നും ഇരുന്നാല്‍ പോര നല്ല ധൈര്യമായിട്ട് ഇരിക്കണം എന്ന് എപ്പോഴും പറയാറുണ്ടായിരുന്നു. ജ്യോതിക നായികയായി അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ഇത് പറഞ്ഞത്. ജ്യോതിക സൂര്യയെപ്പോലെ മറ്റൊരു മൂലയില്‍ പോയി മാറിയിരിക്കും. എന്നിട്ട് ഞാനാണ് സൂര്യയെ നിര്‍ബന്ധിച്ച് ജ്യോതികയ്ക്കരികിലേക്ക് പറഞ്ഞുവിട്ടത്, ‘ രാധിക പറഞ്ഞു.

ഇത് കേട്ട് കൊണ്ടിരുന്ന സൂര്യയുടെ പിതാവ് ശിവകുമാര്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തിയത്. അവരെ രണ്ടുപേരെയും ഒന്നിപ്പിച്ച അയോഗ്യപ്പെണ്ണ് ഇവരാണെന്നും വെറുതെ നിന്ന ആളെ പോയി സംസാരിക്ക് സംസാരിക്ക് എന്ന് പറഞ്ഞ് തള്ളിവിട്ട് ഇപ്പോള്‍ അവന് രണ്ടു കുട്ടികളാണ് ഉള്ളതെന്നും ശിവകുമാര്‍ പറഞ്ഞു. താന്‍ സിനിമകളില്‍ ചെയ്ത പോലെ നായികമാര്‍ക്കൊപ്പം ഇന്റിമേറ്റ് ആയ സീനുകളിലൊന്നും സൂര്യ അഭിനയിക്കാറില്ലെന്നും ഇത്തരം കാര്യങ്ങളില്‍ അവന്‍ വളരെ ഡീസന്റാണെന്നും അദ്ദേഹം പറഞ്ഞു. നാലരവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നതെന്നും ഒന്നെങ്കില്‍ ജ്യോതിക അല്ലെങ്കില്‍ ജീവിതത്തില്‍ വിവാഹമേ വേണ്ട എന്ന നിലപാടാണ് സൂര്യ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂര്യയും കുടുംബവും. Photo: Hindusthan Times

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് സൂര്യ. 2020 ല്‍ പുറത്തിറങ്ങിയ സുധാ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്രിലെ പ്രകടനത്തിന് താരത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പത്തോളം തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരത്തിന്റെ പുതുതായി വരാനിരിക്കുന്ന ചിത്രം ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ്.

Content Highlight: Radhika and shivakumar talks about surya and jyothika’s love affair

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more