മഥുര: 2027ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി. രാധേ രാധേ താമര വിരിയിക്കൂ എന്നതാണ് പുതിയ മുദ്രാവാക്യം. മഥുരയില്‍ നടന്ന ദ്വിദിന ചിന്തന്‍ ശിബിരത്തിലായിരുന്നു ഈ മുദ്രാവാക്യം പാര്‍ട്ടി അവതരിപ്പിച്ചത്. കൂടാതെ നാല് പുതിയ കര്‍മപദ്ധതികളും ബി.ജെ.പി അവതരിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജന്മഭൂമി, മികച്ച ഭരണം, വനിതാ ശാക്തീകരണം, ബൂത്ത് തലത്തിലുള്ള യുവജന പങ്കാളിത്തം എന്നിവയാണവ.
ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയില്‍ നടന്ന രാവിലത്തെ സെഷന് ആരംഭിച്ചത് ‘രാധേ രാധേ, കമല്‍ ഖിലാ ദേ’ ( രാധേ രാധേ താമര വിരിയിക്കൂ) എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണെന്ന് ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ പങ്കജ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
മഥുരയിലെയും ബ്രജ് മേഖലയിലെയും സാംസ്കാരികവും മതപരവുമായ പാരമ്പര്യം ഉള്‍ക്കൊള്ളിച്ചുകൊണ്ട്, പാര്‍ട്ടിയുടെ ചിഹ്നമായ താമരയെ മുന്‍നിര്‍ത്തിയാണ് 2027-ലെ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്.
അടിസ്ഥാന സൗകര്യ വികസനം, ക്രമസമാധാന നില, സാംസ്കാരിക ദേശീയത, ഏകീകൃത സിവില്‍ കോഡ്, ശ്രീകൃഷ്ണ ജന്മഭൂമി വിഷയം എന്നിവയായിരിക്കും പ്രചാരണത്തില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുക.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാനും, മുന്‍പ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി ഭരണകാലത്തെ ക്രമസമാധാന നിലയുമായി താരതമ്യം ചെയ്ത് നിലവിലെ സദ്ഭരണം ഉയര്‍ത്തിക്കാട്ടാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായെങ്കിലും പാര്‍ട്ടിയുടെ അജണ്ടയിലുള്ള മറ്റ് പല കാര്യങ്ങളും ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്ന് ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് യോഗത്തില്‍ പറഞ്ഞു.
പ്രവര്‍ത്തകര്‍ക്കിടയിലെ അതൃപ്തി പരിഹരിക്കാനും, ബൂത്ത് തലത്തില്‍ യുവവോട്ടര്‍മാരെ ആകര്‍ഷിക്കാനും നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: ‘Radhe Radhe, let the lotus bloom’: BJP introduces a new slogan for the Uttar Pradesh Assembly elections.