| Tuesday, 3rd January 2023, 11:35 am

രതിനിര്‍വേദം പോലെയൊരു സിനിമ എങ്ങനെ ചെയ്യുമെന്ന് അന്നത്തെ തലമുറ ഭയന്നിരുന്നു, എന്നാല്‍ പലതും മുന്‍കൂട്ടി കണ്ടാണ് പത്മരാജന്‍ സിനിമ ചെയ്തത്: രാധാലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലത്തിന് മുമ്പേ സഞ്ചരിച്ച സംവിധായകനാണ് പത്മരാജനെന്നാണ് പൊതുവെ പറയപ്പെടുന്നത്. പത്മരാജന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ പങ്കാളി രാധാലക്ഷ്മി. മരണശേഷമാണ് അദ്ദേഹം ആഘോഷിക്കപ്പെട്ടതെന്നും അദ്ദേഹത്തിന്റെ സിനിമകളെ പുതിയ തലമുറ കൃത്യമായി മനസിലാക്കിയെന്നും എന്നാല്‍ പഴയ തലമുറക്ക് അതിന് കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.

ആരും പറയാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്നൊന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെയാണ് ഒരു പ്രോസ്റ്റിറ്റിയൂട്ടിനെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാധാലക്ഷ്മി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മരണത്തിന് ശേഷമാണ് അദ്ദേഹം ആഘോഷിക്കപ്പെട്ടതെന്ന് തന്നെ പറയാം. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് പുതിയ തലമുറ കൃത്യമായി മനസിലാക്കി. പഴയ തലമുറക്ക് അതിന് സാധിച്ചില്ല. പറയാന്‍ പാടില്ലെന്ന് കരുതിയ കാര്യങ്ങള്‍ പറയുമ്പോള്‍ അതെങ്ങനെ എടുക്കുമെന്നൊന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ല.

രതിനിര്‍വേദം പോലെ ഒരു സിനിമ ചെയ്യുമ്പോള്‍ സമൂഹം അതെങ്ങനെ എടുക്കും എന്നോര്‍ത്ത് ഭയപ്പെട്ടിരുന്ന തലമുറയായിരുന്നു അന്നത്തേത്. റിയാലിറ്റിയിലാണ് അദ്ദേഹം വിശ്വസിച്ചത്. നമ്മള്‍ പുറത്ത് എന്തൊക്കെ ആയിരുന്നാലും അതൊന്നുമല്ലാത്ത കാര്യങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. അതിന്റെ നേരെ ക്യാമറ ചലിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

കാഴ്ചപ്പാടുകളുടെ വ്യത്യാസം അന്ന് ശരിക്കും പ്രകടമായിരുന്നു. ഒരു എഴുപതുകാരന്‍ ചിന്തിക്കുന്നത് പോലെയല്ലല്ലോ മുപ്പതുകാരന്‍ ചിന്തിക്കുന്നത്. ആ വ്യത്യാസം കാണാനുമുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ സിനിമയിലെത്തിയതാണ് അദ്ദേഹം. ഒരു പ്രോസ്റ്റിറ്റിയൂട്ടിനെ മെയ്ന്‍ ക്യാരക്ടറാക്കി സിനിമ ചെയ്യാന്‍ അന്നുള്ളവര്‍ക്ക് കഴിയില്ലായിരിന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്ത് കാണിച്ചുകൊടുത്തു. പല സ്ത്രീകഥാപാത്രങ്ങളേയും അംഗീകരിക്കാന്‍ അന്നത്തെ തലമുറയ്ക്ക് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹത്തിന്റെ ചിന്താഗതിയിലെ വ്യത്യാസം തന്നെയാണ് സിനിമകളിലും പ്രേക്ഷകര്‍ കണ്ടത്.

തൂവാനത്തുമ്പികള്‍ അന്ന് തിയേറ്ററില്‍ ഹിറ്റായിരുന്നില്ല. ക്ലാരയെ പ്രേക്ഷകര്‍ അംഗീകരിച്ചത് അതിനുശേഷമാണ്. ടി.വിയില്‍ വന്നതിന് ശേഷമാണ് പല സിനിമകളും ചര്‍ച്ചയായി മാറിയതും. മുമ്പേ പറന്ന പക്ഷിയാണ് അദ്ദേഹം എന്ന് ഞാന്‍ പറയാറുണ്ട്. വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് നേരത്തെ മനസിലാക്കിയാണ് അദ്ദേഹം സിനിമകള്‍ ചെയ്തത്. പഴയ കാര്യങ്ങളല്ല, പുതിയതിനെക്കുറിച്ചായിരുന്നു ചിന്ത. ആരും പറയാത്ത കാര്യങ്ങള്‍ പറയാനായിരുന്നു അദ്ദേഹം ശ്രമിച്ചത്,’ രാധാലക്ഷ്മി പറഞ്ഞു.

content highlight: radhalakshmi talks about her partner padmarajan

We use cookies to give you the best possible experience. Learn more