| Thursday, 7th August 2025, 8:29 am

സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന; 12 സ്ലോട്ടുകളില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചേര്‍ത്തല: വിവിധ സ്ഥലങ്ങളില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ നാല് സ്ത്രീകളെ കാണാതായ സംഭവത്തില്‍ അന്വേഷണ ഭാഗമായി പ്രതി സെബാസ്റ്റ്യന്റെ പള്ളിപുറം ചെങ്ങറ വീട്ടിലും അടുപ്പക്കാരിയായിരുന്ന റോസമ്മയുടെ വീട്ടുവളപ്പിലും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തി. ഭൂമിക്കടിയില്‍ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്ന് മനസിലാക്കാനാണ് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് പരിശോധിച്ചത്. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് പരിശോധന.

ഭൂമിയുടെ അടിയില്‍ ഏഴുമീറ്റര്‍ പരിധിയിലുള്ള വസ്തുക്കള്‍ വരെ കാണാമെന്നതാണ് റഡാറിന്റെ പ്രത്യേകത. കാണാതായവരുടെ ശരീരം പറമ്പില്‍ മറവുചെയ്തിട്ടുണ്ടെങ്കില്‍ അത് അറിയാന്‍ വേണ്ടിയാണ് റഡാര്‍ പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ പത്തോടെ റഡാര്‍ സിസ്റ്റവുമായി തിരുവനന്തപുരത്ത് നിന്ന് ഭൗമശാസ്ത്ര ഉദ്യോഗസ്ഥര്‍ സെബാസ്റ്റ്യന്റെ വീട്ടിലെത്തുകയും തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം സെബാസ്റ്റ്യന്റെ പുരയിടത്തില്‍ പരിശോധന നടത്തുകയുമായിരുന്നു.

റോസമ്മ കോഴി വളര്‍ത്താന്‍ വേണ്ടി കെട്ടിയതെന്ന് പറഞ്ഞ ഷെഡില്‍ നിന്ന് റഡാറില്‍ സിഗ്‌നല്‍ കിട്ടിയിട്ടുണ്ട്. സിഗ്‌നല്‍ കിട്ടിയ ഭാഗങ്ങള്‍ രേഖപ്പെടുത്തി പൊലീസിന്റെ നിയന്ത്രണത്തിലാക്കി. അടുത്തദിവസം ഇവിടെ പൊളിച്ച് പരിശോധിക്കും. പുരയിടത്തിലെ പരിശോധനയില്‍ പന്ത്രണ്ടോളം സ്ലോട്ടുകളില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളും മാര്‍ക്ക് ചെയ്ത് ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റാല്‍ ആരംഭിച്ചിട്ടുണ്ട്.

മുമ്പ് അസ്ഥികള്‍ കിട്ടിയ സ്ഥലത്തിന് സമീപമായിരുന്നു ആദ്യ പരിശോധന. അടയാളപ്പെടുത്തിയ സ്റ്റോട്ടില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തറനിരപ്പില്‍നിന്ന് രണ്ടര മീറ്ററോളം കുഴിയെടുത്ത് മണ്ണ് പരിശോധിച്ചു. മാര്‍ക്ക് ചെയ്ത ഭാഗത്തുണ്ടായിരുന്ന രണ്ട് തെങ്ങും പരിശോധനസംഘം പിഴുതുമാറ്റി അവിടെ വലിയ കുഴിയെടുത്തു. ഇവിടെ നിന്ന് സംശയാസ്പദമായി ലഭിച്ച വസ്തുക്കള്‍ ഹൊറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ കഴിഞ്ഞില്ല. പരിശോധന വൈകുന്നേരം വരെ നീണ്ടു. കോട്ടയം, ആലപ്പുഴ സംയുക്ത ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതേസമയം, കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെ സെബാസ്റ്റ്യന്‍ ഇതുവരെയും ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇയാളെ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ ചോദ്യംചെയ്യുന്നതിനുള്ള നടപടികള്‍ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ഭാര്യ സുബിയെ നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ചോദ്യംചെയ്തുവരികയാണ്.

Content Highlight: Radar used to search Sebastian’s home in connection with the mysterious disappearance of four women

We use cookies to give you the best possible experience. Learn more