പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധിക്ഷേപ പരാമർശങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി. മോദിയെ ദുര്യോധനൻ എന്നു വിളിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് തെറ്റുപറ്റിയെന്നും മോദി ആരാച്ചാരാണെന്നുമായിരുന്നു റാബ്റിയുടെ പരാമർശം.
‘അദ്ദേഹത്തെ (മോദിയെ) ദുര്യോധനൻ എന്നു വിളിച്ച പ്രിയങ്കയ്ക്കു തെറ്റുപറ്റി. അയാളെ വിളിക്കേണ്ടത് ആരാച്ചാർ (ജല്ലാഡ്) എന്നാണ്. ജഡ്ജിമാരേയും മാധ്യമപ്രവർത്തകരേയും തട്ടികൊണ്ടുപോകുകയും കൊല്ലുകയും ചെയ്യുന്ന ആളാണ് മോദി. കിരാതമായ മാനസികാവസ്ഥയോടു കൂടിയ ഒരാൾക്കു മാത്രമേ ഇതൊക്കെ ചെയ്യാൻ കഴിയൂ’ പാറ്റ്നയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ റാബ്റി ദേവി പറഞ്ഞു.
നേരത്തെ, മോദിയെ മഹാഭാരതത്തിലെ കഥാപാത്രമായ ദുര്യോധനനോട് ഉപമിച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു. ദുര്യോധനനെപ്പോലെ ധാർഷ്ട്യമുള്ളയാളാണെന്നു മോദിയെന്നു പറഞ്ഞ പ്രിയങ്ക, ജനങ്ങളുടെ ശ്രദ്ധതിരിക്കുന്ന നാടകം കളിക്കാതെ വികസനം പറഞ്ഞ് വോട്ട് ചോദിക്കാൻ ധൈര്യമുണ്ടോ എന്നു മോദിയെ വെല്ലുവിളിക്കുകയും ചെയ്തു.