| Wednesday, 21st January 2026, 10:52 am

ശാസ്തമംഗലത്തെ ഖരമാലിന്യ ശേഖരണകേന്ദ്രം പൂട്ടിക്കാന്‍ ആര്‍. ശ്രീലേഖ; പ്രതിഷേധം

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ശാസ്തമംഗലത്ത് തിരുവനന്തപുരം കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖരമാലിന്യ ശേഖരണകേന്ദ്രം പൂട്ടിക്കാന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. 2019ല്‍ വി.കെ. പ്രശാന്ത് മേയര്‍ ആയിരുന്നപ്പോഴാണ് ശാസ്തമംഗലം കേന്ദ്രീകരിച്ച് ‘ഡ്രൈ വേസ്റ്റ് സെഗ്രിഗേറ്റഡ് കളക്ഷന്‍ ഹബ്’ ആരംഭിച്ചത്.

എന്നാല്‍ ഈ കിയോസ്‌ക് തന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാണെന്നും അടിയന്തിരമായി മാറ്റണമെന്നും ആവശ്യപ്പെട്ട് ആര്‍. ശ്രീലേഖ കഴിഞ്ഞ ദിവസം നഗരസഭാ മേയര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

ആര്‍. ശ്രീലേഖ

നിലവില്‍ ആര്‍. ശ്രീലേഖയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കൗണ്‍സിലറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം അറിയിച്ചു.

നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച ശേഷം അവ തരംതിരിച്ച് ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിക്കെതിരെയാണ് ശ്രീലേഖയുടെ നീക്കം. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസിന്റെ സമീപത്തായാണ് ഈ കിയോസ്‌ക് പ്രവര്‍ത്തിക്കുന്നത്.

പ്ലാസ്റ്റിക്, തുണി, കണ്ണാടി കുപ്പികള്‍, ചില്ലുകള്‍, ചെരുപ്പുകള്‍ തുടങ്ങിയ വസ്തുക്കളുമായി നിരവധി ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. എട്ടുതരം ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കാവുന്ന കളക്ഷന്‍ സെന്ററാണ് ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്നത്.

കിയോസ്‌കിലെത്തുന്ന മാലിന്യം നഗരസഭാ തൊഴിലാളികളാണ് ശേഖരിക്കുക. ശേഷം ഇത് ബദല്‍ ഉത്പന്നങ്ങളാക്കി മാറ്റും.

ആര്‍. ശ്രീലേഖ കൗണ്‍സിലറായി അധികാരമേറ്റതിന് പിന്നാലെ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.

വി.കെ. പ്രശാന്തിനോട് എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതും തന്റെ ഓഫീസിന് മുമ്പില്‍ മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുകയാണെന്ന് ആരോപിച്ച് ശ്രീലേഖയും ബി.ജെ.പിയും പങ്കുവെച്ച വീഡിയോയും വലിയ വിവാദമായിരുന്നു.

വി.കെ. പ്രശാന്ത്

ശ്രീലേഖ ഉന്നയിച്ച ആവശ്യം ആദ്യഘട്ടത്തില്‍ പരിഗണിക്കാതിരുന്ന വി.കെ. പ്രശാന്ത്, പിന്നീട് തന്റെ എം.എല്‍.എ ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റിയിരുന്നു. അനാവശ്യ വിവാദം അവസാനിപ്പിക്കുന്നതിനായാണ് ഓഫീസ് മാറ്റിയതെന്ന് വട്ടിയൂര്‍ക്കാവ് എം.എല്‍.എയായ വി.കെ. പ്രശാന്ത് പ്രതികരിച്ചിരുന്നു.

മാര്‍ച്ച് വരെ കെട്ടിടത്തിന്റെ വാടക കരാര്‍ നിലനില്‍ക്കെയാണ് എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ ആവശ്യപ്പെട്ടത്.

Content Highlight: R. Sreelekha tries to close the solid waste collection center in Sasthamangalam; Protest

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more