| Sunday, 11th October 2026, 9:10 am

'ഡി.ജി.പിയെക്കൊണ്ട് കോൺസ്റ്റബിൾ പണിയെടുപ്പിക്കരുത്; രാജി പിൻവലിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന്': പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി ആർ. ശ്രീലേഖ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: ബി.ജെ.പിയിൽ നിന്ന് രാജിവെച്ചെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറുന്നുവെന്നുമുള്ള പ്രചാരണങ്ങൾ പൂർണമായും തള്ളി ആർ. ശ്രീലേഖ ഐ.പി.എസ്.

തനിക്കെതിരെ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും തികഞ്ഞ അസംബന്ധവുമാണെന്നും ആജീവനാന്തം ബി.ജെ.പിയിൽ തന്നെ അഭിമാനത്തോടെ തുടരുമെന്നും അവർ പറഞ്ഞു.

കൗൺസിലർ എന്ന നിലയിൽ നേരിടേണ്ടി വന്ന അമിത ജോലിഭാരവും അതിനെത്തുടർന്നുണ്ടായ കടുത്ത ആരോഗ്യപ്രശ്നങ്ങളുമാണ് താത്ക്കാലികമായി മാറിനിൽക്കാൻ പ്രേരിപ്പിച്ചതെന്നും അവർ വിശദീകരിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും ആ സമയത്താണ് ഇത്തരം നുണപ്രചാരണങ്ങൾ വ്യാപകമായി പ്രചരിച്ചതെന്നും അവർ പറഞ്ഞു.

ബി.ജെ.പിയിൽ അംഗത്വമെടുത്ത അന്ന് മുതൽ തന്നെ വ്യക്തിപരമായി വേട്ടയാടാൻ ശ്രമം നടക്കുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനം നൽകാത്തതിനാലാണ് രാജിയെന്ന വാർത്തകളെയും അവർ തള്ളി.

ഒൻപത് മാസം മുൻപ് കോർപ്പറേഷനിൽ അധികാരത്തിലെത്തിയപ്പോൾ മേയറും ഡെപ്യൂട്ടി മേയറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും ആരാകണമെന്ന് തീരുമാനിച്ച സമിതിയിൽ താനും ഉണ്ടായിരുന്നു. താൻ ഒരു മോദി ഭക്തയാണെന്നും നരേന്ദ്ര മോദി തനിക്ക് ആരാധനാമൂർത്തിയാണെന്നും പറഞ്ഞ ശ്രീലേഖ, കോൺഗ്രസിലേക്കോ സി.പി.ഐ.എമ്മിലേക്കോ എ.എ.പിയിലേക്കോ ടി.വി.കെയിലേക്കോ പോകാൻ താല്പര്യപ്പെടുന്ന ആളല്ല താനെന്നും പറഞ്ഞു.

പൊലീസിൽ ഡി.ജി.പി റാങ്കിലിരുന്ന ഒരു ഉദ്യോഗസ്ഥനോട് പോയി കോൺസ്റ്റബിളിന്റെ ജോലി ചെയ്യാനോ സൈന്യത്തിലെ ജനറലിനോട് അതിർത്തിയിൽ സാധാരണ ശിപായി ആയി കാവൽ നിൽക്കാനോ പറഞ്ഞാലുണ്ടാകുന്ന അതേ പ്രയാസങ്ങളിലൂടെയാണ് താൻ കൗൺസിലർ പദവിയിൽ കടന്നുപോയതെന്ന് അവർ തുറന്നുപറഞ്ഞു.

ഞായറാഴ്ച പോലും വിശ്രമമില്ലാതെ ഓടേണ്ടി വന്നു. വീടുകളിൽ മരണം, വിവാഹം, കുട്ടികൾക്ക് അസുഖം തുടങ്ങി എന്ത് ചെറിയ പ്രശ്നങ്ങളുണ്ടായാലും നേരിട്ടെത്തണമെന്ന് ആളുകൾ നിർബന്ധിക്കുകയും അതിനനുസരിച്ച് പോകേണ്ടി വരികയും ചെയ്തു. ഒരു പരിധി വിട്ടു കഴിയുമ്പോൾ ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യാൻ തന്നെക്കൊണ്ട് പറ്റുന്നില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും അവർ പറഞ്ഞു.

തന്റെ പരിധിയിൽ വരുന്ന സ്കൂൾ-കോളേജ് അഡ്മിഷനുകൾ, പാസ്പോർട്ട്, കുടുംബവഴക്കുകൾ, ജോലി തുടങ്ങി നിരവധി ആവശ്യങ്ങളുമായി രാവിലെ മുതൽ രാത്രി വരെ ആളുകൾ എത്തുമായിരുന്നു. അവരിൽ പലരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാതെ വരുന്നത് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കി.
വാർഡിലെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും വലിയ വെല്ലുവിളികൾ നേരിട്ടു. ശാസ്തമംഗലത്ത് പ്രൈമറി ഹെൽത്ത് സെന്ററോ അങ്കണവാടിയോ പൊതു ശൗചാലയങ്ങളോ ഇല്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സ്ട്രീറ്റ് ലൈറ്റ്, റോഡ്, ഡ്രെയിനേജ് തകരാറുകൾ പരിഹരിക്കുന്നതിനുമായി 12-ലധികം കത്തുകൾ മേയർക്ക് നൽകിയിട്ടും കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഫയൽ നീക്കം നടക്കാത്ത സ്ഥിതിയുണ്ടായതായും അവർ പറഞ്ഞു.

ഇതിനിടയിൽ സ്വന്തം ഓഫീസിലെ കംപ്യൂട്ടർ, പ്രിന്റർ, ഫോൺ എന്നിവയെല്ലാം തകരാറിലായതും പൊട്ടിപ്പൊളിഞ്ഞ കസേരയിലിരുന്ന് മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വന്നതും ബുദ്ധിമുട്ട് വർധിപ്പിച്ചു. ഇത്തരം പ്രതിസന്ധികൾ കാരണം വാർഡിലെ ചെറിയ പ്രശ്നങ്ങൾക്ക് പോലും ഒരാഴ്ചത്തെ കാലതാമസം വരുമ്പോൾ, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ചിലർ മോശം ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത് വല്ലാതെ വേദനിപ്പിച്ചുവെന്ന് അവർ പറഞ്ഞു.

തുടർന്ന് സെപ്റ്റംബർ 30-ന് പ്രശ്നങ്ങൾ വ്യക്തമാക്കി തൽസ്ഥാനത്ത് തുടരാനുള്ള ബുദ്ധിമുട്ട് അറിയിച്ച് മേയർക്കും ജില്ലാ കളക്ടർക്കും കത്ത് നൽകി. ഇതിനുപിന്നാലെ രക്തസമ്മർദ്ദം ക്രമാതീതമായി ഉയരുകയും കടുത്ത തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് അവർ വ്യക്തമാക്കി.

ഒന്നര മുതൽ രണ്ടു മാസം വരെ കർശനമായ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെ, ജനങ്ങളുടെ പെൻഷൻ, സ്കോളർഷിപ്പ് തുടങ്ങിയ രേഖകളിൽ ഒപ്പിട്ട് നൽകാൻ തടസ്സമുണ്ടാകാതിരിക്കാനാണ് ചുമതല മറ്റാർക്കെങ്കിലും കൈമാറാൻ ഉദ്ദേശിച്ച് വാട്സ് ആപ് ഗ്രൂപ്പിൽ വിവരം അറിയിച്ചത് എന്ന് ശ്രീലേഖ പറഞ്ഞു.

വിവരമറിഞ്ഞ് മുതിർന്ന പാർട്ടി നേതാക്കൾ ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുകയും പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.ദൽഹിയിൽ ദേശീയ വനിതാ കമ്മീഷൻ അംഗത്വം ലഭിക്കാത്തതിനാലാണ് രാജിയെന്ന വാർത്തകളും അവർ പൂർണമായി തള്ളി.

കേരളത്തിൽ നിന്ന് മാറി ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തനിക്ക് ഒരിക്കലും ആഗ്രഹമില്ല. സർവീസിലിരിക്കെ സി.ബി.ഐയിൽ പ്രവർത്തിച്ചപ്പോൾ പോലും നേരത്തെ തിരികെ വന്ന വ്യക്തിയാണ് താൻ. തന്നെ ചതിയൻ ചന്തുവെന്നൊക്കെ വിശേഷിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ തെറിവിളിക്കുന്നവർ ഏത് സാഹചര്യത്തിലാണ് തന്നെ അങ്ങനെ വിളിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ആരോഗ്യം വീണ്ടെടുത്ത് എത്രയും വേഗം പൊതുരംഗത്ത് സജീവമാകുമെന്നും ശ്രീലേഖ വ്യക്തമാക്കി.

Content Highlight:R. Sreelekha dismisses reports of leaving the BJP; she had considered resigning due to an excessive workload and health issues.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more