കോഴിക്കോട്: സര്‍ക്കാര്‍ ഭൂമി അനുവദിക്കാത്തതിനാലാണ് വയനാട് ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാന്‍ സാധിക്കാത്തതെന്ന യൂത്ത് കോണ്‍ഗ്രസിന്റെ വാദം തള്ളി റവന്യൂ മന്ത്രി കെ. രാജന്‍. ഭൂമി ആവശ്യപ്പെട്ട് ആരും തന്നെ സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും ആര്‍ക്കും ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.
‘യൂത്ത് കോണ്‍ഗ്രസ് ഭൂമി ആവശ്യപ്പെട്ടിട്ടില്ല, ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുമില്ല. സര്‍ക്കാര്‍ തന്നെ പണം കൊടുത്താണ് ഭൂമി വാങ്ങിയത്. സ്പോണ്‍സര്‍മാരുടെ യോഗം വിളിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് വരാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ വന്നില്ല. പ്രതിപക്ഷ നേതാവും ഉപനേതാവും ഉള്‍പ്പെട്ട യോഗത്തില്‍ ഇക്കാര്യങ്ങള്‍ എല്ലാം തന്നെ വിശദീകരിച്ചിട്ടുള്ളതാണ്.
50ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം മറ്റൊരു ദിവസം വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ 30 വീടുകള്‍ വെച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത യൂത്ത് കോണ്‍ഗ്രസിനെ അറിയിക്കുകയും അവര്‍ വരാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ ആരും തന്നെ യോഗത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല,’ മന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തത്തിന്റെ പേരില്‍ പിരിച്ച സംഖ്യയും ചെലവഴിച്ച സംഖ്യയും സംബന്ധിച്ച തര്‍ക്കമുണ്ടാകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പണം നല്‍കിയവരെയും അണികളെയും ബോധ്യപ്പെടുത്തിയാല്‍ മതി. സര്‍ക്കാരിന്റെ നെഞ്ചത്തേക്ക് കുതിര കയറേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ വിശ്വാസകരമല്ലാത്ത അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുമ്പോള്‍ കേരളത്തിന്റെ ദുരന്ത നിവാരണ പ്രക്രിയയുടെ തന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ വയനാടിനായി പിരിച്ചെടുത്ത ഫണ്ടില്‍ തിരിമറിയുണ്ടെന്ന് ആരോപണമുയര്‍ന്നത്. സംഭവം വിവാദമായതോടെയാണ് സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. വയനാടിനായി പിരിച്ച തുകയായ 83 ലക്ഷം രൂപ കൈവശമുണ്ടെന്നും സര്‍ക്കാര്‍ ഭൂമി അനുവദിക്കാത്തതിനാലാണ് വീട് വെച്ച് നല്‍കാന്‍ സാധിക്കാതെ പോയത് എന്നുമാണ് യൂത്ത് കോണ്‍ഗ്രസ് വാദം.
ഈ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, വൈസ് പ്രസിഡന്റുമാരായ അരിത ബാബു, ടി. അനുതാജ്, വൈശാഖ് എസ്. ദര്‍ശന്‍, വിഷ്ണു സുനില്‍, വി.കെ. ഷിബിന്‍, ഒ.ജെ. ജനീഷ് എന്നിവര്‍ക്കെതിരെയാണ് കോലഞ്ചേരി സ്വദേശിനിയും ഹൈക്കോടതി അഭിഭാഷകയുമായ ടി.ആര്‍. ലക്ഷ്മിയാണ് പരാതി നല്‍കിയത്.
ദുരന്തബാധിതര്‍ക്കായുള്ള ഭവനപദ്ധതിയിലേക്ക് താനുള്‍പ്പെടെ പൊതുജനങ്ങളില്‍നിന്ന് സ്വരൂപിച്ച പണം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അപഹരിച്ചെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നുമാണ് പരാതി.
Content Highlight: R Rajan denied claims of Youth Congress