| Wednesday, 5th August 2026, 6:53 pm

വിജയ് ഇപ്പോൾ സിഎം, അതിൽ എനിക്ക് അഭിമാനമുണ്ട്: രാഷ്ട്രീയത്തിലേക്ക് വരാനില്ലെന്ന് ആർ. മാധവൻ

അജ്മല്‍ കെ

മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതെ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ആർ. മാധവൻ. കണ്ണത്തിൽ മുത്തമിട്ടാൽ, ആയിതു എഴുതു, റൺ, അൻപേ ശിവം തുടങ്ങിയ നിരവധി സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും തനിക്ക് രാഷ്ട്രീയത്തിലേക്ക് വരാൻ താൽപര്യമില്ലാത്തതിന്റെ കാരണത്തെക്കുറിച്ചും തുറന്ന് പറയുകയാണ് ഇപ്പോൾ മാധവൻ. തന്റെ പുതിയ സിനിമയായ ജി.ഡി.എനിന്റെ പ്രമോഷന്റെ ഭാഗമായി  ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ മാറ്റങ്ങൾ കാണുമ്പോൾ സന്തോഷമുണ്ട്. ജനങ്ങൾ ആഗ്രഹിച്ചതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്ര വേഗത്തിൽ ഇത്തരമൊരു മാറ്റം ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. വിജയ്‌യെ എനിക്ക് നന്നായി അറിയാം. ഇപ്പോൾ അദ്ദേഹത്തെ ‘സിഎം വിജയ്’ എന്ന് വിളിക്കണം. അതിൽ എനിക്ക് വലിയ അഭിമാനമുണ്ട്,’ മാധവൻ പറഞ്ഞു.

ആർ. മാധവൻ.Photo. Screengeab/ Youtube.com

അതേസമയം, തനിക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താൽപര്യമില്ലെന്നും, രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെങ്കിൽ ജനസേവനത്തിനുള്ള ശക്തമായ ആഗ്രഹം വേണമെന്നും മാധവൻ വ്യക്തമാക്കി. രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവോ താൽപര്യമോ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയത്തിന് രണ്ട് വശങ്ങളുണ്ട്. നല്ലത് ചെയ്താലും വിമർശനം വരും, തെറ്റ് ചെയ്താലും വിമർശനം വരും. എന്ത് ചെയ്താലും ഒരു വിഭാഗം അതിനെ തെറ്റായിട്ടാണ് കാണുക. അതാണ് രാഷ്ട്രീയത്തിന്റെ സ്വഭാവം. എനിക്ക് ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരാൻ താൽപര്യമില്ല. രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെങ്കിൽ ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യണമെന്ന ശക്തമായ ആഗ്രഹം വേണം. എനിക്ക് അത്തരമൊരു ചിന്തയില്ല. ജനങ്ങളെ എങ്ങനെ സേവിക്കണം എന്നതും എനിക്ക് അറിയില്ല. ഇതിനെക്കുറിച്ച് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്,” താരം കൂട്ടിച്ചേർത്തു.

“എല്ലാവരും സേവനം ചെയ്‌താൽ അത് സ്വീകരിക്കാനും ആളുകൾ വേണ്ടേ’ എന്ന ചിന്തയാണ് എനിക്കുള്ളത്. ജനങ്ങളെ നയിക്കുന്ന ഒരു രാഷ്ട്രീയ നേതാവാകാൻ എനിക്ക് കഴിയില്ല. ആ കാര്യത്തിൽ ഞാൻ വളരെ സെൽഫിഷാണ്. എനിക്ക് ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങൾ എന്റെ രീതിയിൽ ഞാൻ ചെയ്യുന്നുണ്ട്. രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവോ അതിനോടുള്ള പ്രത്യേക താൽപര്യമോ എനിക്കില്ല. പക്ഷേ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് നൽകേണ്ട ബഹുമാനം എപ്പോഴും നൽകാറുണ്ട്. അത് ചെറുപ്പം മുതലേ ഞാൻ പഠിച്ച കാര്യമാണ്. ഞാൻ ചെയ്യുന്ന സഹായങ്ങൾ പണ്ട് മുതലേ ഞാൻ ചെയ്യുന്നുണ്ട്. അത് സ്വീകരിക്കുന്നവർക്ക് അതെല്ലാം അറിയാം,” മാധവൻ പറഞ്ഞു.

ആർ. മാധവൻ.Photo. Screengeab/ Youtube.com

ആർ.മാധവനെ കേന്ദ്ര കഥാപാത്രമാക്കി കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജി.ഡി.എൻ. ‘ഇന്ത്യയുടെ എഡിസൺ’ എന്നറിയപ്പെടുന്ന പ്രശസ്തവ്യവസായിയും ഇൻവെന്ററുമായ ജി.ഡി. നായിഡുവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ജയറാം, സത്യരാജ്, പ്രിയാമണി, ദുഷാര വിജയൻ, അതിഥി ബാലൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തും.

Content Highlight: R. Madhavan speaks about Vijay’s political entry and shares his own stance on politics

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more