| Tuesday, 2nd June 2026, 10:21 am

'കറുപ്പ്' സിനിമയിലെ 'പേ' 17 വർഷം നിയമപോരാട്ടം നടത്തിയ ലാൽ ബിഹാരിയുടെ യഥാർത്ഥ ജീവിതമാണ് : ആർ ജെ ബാലാജി

കെ.എസ് ഷാബിന

നടിപ്പിൻ നായകൻ സൂര്യയുടെ ‘കറുപ്പ്’ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് തിയേറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. തമിഴകത്തിനൊപ്പം കേരളക്കരയും സൂര്യയുടെ ഈ മാസ്സ് കംബാക്ക് നെഞ്ചേറ്റി കഴിഞ്ഞു.

നീതി നടപ്പാക്കേണ്ട നീതിപീഠത്തിൽ നിന്ന് തന്നെ അനീതി സംഭവിക്കുമ്പോൾ, ‘കറുപ്പ്സ്വാമി എന്ന കാവൽ ദൈവം നീതി നടപ്പാക്കാൻ അവതരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
കോടതിയും കെട്ടിച്ചമച്ച കേസുകളും പ്രമേയമാകുന്ന സിനിമയിലെ കോടതി രംഗങ്ങൾ വെറും ഭാവനയല്ലെന്നും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആർ.ജെ. ബാലാജി.

കറുപ്പ്.Photo:Screen Grab

ചിത്രത്തിൽ സ്വന്തം പേര് പോലും അറിയാത്ത, കോടതിയിലെ സഹായിയായ ‘പേ’ എന്നൊരു കഥാപാത്രത്തെ കാണാം. അത് യഥാർത്ഥത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്നും, ചിത്രത്തിലെ മറ്റൊരു രംഗത്തിൽ കാണിക്കുന്ന ബിസ്‌ക്കറ്റ് ഫാക്ടറിയുടെ പേരിലുള്ള കള്ളക്കേസ് ചെന്നൈയിലെ എഗ്മോർ കോടതിയിൽ നടന്നതാണെന്നും ബാലാജി പറയുന്നു. ‘സിനിമ വികടൻ’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ചിത്രത്തിലെ ശ്രദ്ധേയമായ ‘പേ’ എന്ന കഥാപാത്രം, ബന്ധുക്കൾ വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സ്വത്ത് തട്ടിയെടുത്തതിനെതിരെ 17 വർഷം നിയമപോരാട്ടം നടത്തിയ ലാൽ ബിഹാരിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. പിന്നീട് അദ്ദേഹം സമാന ഇരകൾക്കായി ഒരു എൻ.ജി.ഓയും ആരംഭിച്ചു.

കറുപ്പ്.Photo: Cinema Express

കൂടാതെ, ചിത്രത്തിലെ ബിസ്കറ്റ് ഫാക്ടറി കേസും ചെന്നൈ എഗ്മോർ കോടതിയിൽ നടന്ന യഥാർത്ഥ സംഭവമാണ്. ഫാക്ടറിയിൽ പരിശോധനയ്ക്ക് പോയെന്ന് വാദിച്ച പൊലീസിനോട് അവിടെയുണ്ടായിരുന്നത് ‘ബട്ടർ ബിസ്കറ്റോ ക്രീം ബിസ്കറ്റോ’ എന്ന് വക്കീൽ ചോദിച്ചതും, കൃത്യമായ ഉത്തരം നൽകാനാകാതെ പോലീസിന്റെ കള്ളത്തരം പൊളിഞ്ഞതും യഥാർത്ഥ വിചാരണയിൽ സംഭവിച്ചതാണ്’ ബാലാജി പറയുന്നു.

മാസങ്ങളോളം കോടതി കയറിയിറങ്ങിയും നിരവധി വക്കീൽമാരോടൊപ്പം സമയം ചെലവഴിച്ചും കോടതിയുടെ നടപടിക്രമങ്ങൾ നേരിട്ട് കണ്ടുമനസ്സിലാക്കിയാണ് സിനിമയിലെ ഓരോ രംഗവും തയാറാക്കിയതെന്ന് അദ്ദേഹം പറയുന്നു. സിനിമയിൽ കാണിച്ചിരിക്കുന്ന ഭൂരിഭാഗം കാര്യങ്ങളും വെറും സിനിമാറ്റിക് ഭാവനകളല്ല, മറിച്ച് കൃത്യമായ റഫറൻസുകളുള്ള യഥാർത്ഥ ജീവിത യാഥാർത്ഥ്യങ്ങൾ തന്നെയാണെന്ന് സംവിധായകൻ ആർ.ജെ. ബാലാജി വ്യക്തമാക്കുന്നു.

Content Highlight: R.J. Balaji says the characters and incidents in Karuppu are based on real-life events

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more