| Monday, 13th October 2025, 9:54 pm

ഈ വര്‍ഷം ഇനി പുതിയ പടമൊന്നും നോക്കണ്ട, കറുപ്പ് ഈ വര്‍ഷമുണ്ടാകില്ലെന്ന് സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് സൂര്യ. കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോക്‌സ് ഓഫീസില്‍ അത്രകണ്ട് നല്ല കാലമല്ല സൂര്യക്ക്. എന്നിരുന്നാലും ഓരോ സിനിമയുടെ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. വന്‍ ഹൈപ്പിലെത്തിയ കങ്കുവ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ പരാജയമായതും പിന്നാലെയെത്തിയ റെട്രോ പ്രതീക്ഷക്കൊത്ത് ഉയരാത്തതും തിരിച്ചടിയായി.

റെട്രോക്ക് ശേഷം സൂര്യയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം കറുപ്പാണ്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു. ഈ വര്‍ഷം ദീപാവലിക്ക് കറുപ്പ് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചെങ്കിലും റിലീസ് മാറ്റുകയായിരുന്നു. ഡിസംബറില്‍ ചിത്രത്തിന്റെ റിലീസുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആര്‍.ജെ. ബാലാജി.

‘ചിത്രത്തിന്റെ ഷൂട്ട് ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി സി.ജി.ഐ വര്‍ക്കുകള്‍ കുറച്ച് ബാക്കിയുണ്ട്. ഈ ദീപാവലിക്ക് പടം തിയേറ്ററിലെത്തിക്കാനായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ വര്‍ക്ക് തീരാത്തതുകൊണ്ട് അതിന് സാധിച്ചില്ല. പടത്തിന്റെ ഔട്ട്പുട്ടില്‍ പ്രൊഡ്യൂസറും ബാക്കിയുള്ളവരുമെല്ലാം ഓക്കെയാണ്.

ഈ വര്‍ഷം പടം തിയേറ്ററിലെത്തുമെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. പക്ഷേ, അടുത്ത വര്‍ഷമേ പടം വരുള്ളൂ എന്ന കാര്യം അറിയിക്കുകയാണ്. അതുവരെ കാത്തിരിക്കണം, ദീപാവലിക്ക് ആദ്യത്തെ പാട്ട് പുറത്തിറങ്ങും. സൂര്യ സാര്‍ അടിപൊളിയായി പെര്‍ഫോം ചെയ്ത പടമാണിത്. ആഘോഷമാക്കാന്‍ പറ്റുന്ന എല്ലാം പടത്തിലുണ്ട്’, ആര്‍.ജെ. ബാലാജി പറയുന്നു.

അടുത്ത വര്‍ഷം പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് നിലവിലെ റൂമറുകള്‍. വിജയ്‌യുടെ അവസാന ചിത്രമായി കരുതുന്ന ജന നായകനൊപ്പം കറുപ്പും തിയേറ്ററിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ ക്ലാഷ് റിലീസ് കറുപ്പിന്റെ കളക്ഷനെ ബാധിക്കുമെന്നാണ് കരുതുന്നത്. ജനുവരി അവസാനമാകും ചിത്രത്തിന്റെ റിലീസെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരിയറിലെ ആദ്യ മാസ് ആക്ഷന്‍ ചിത്രമായാണ് ആര്‍.ജെ. ബാലാജി കറുപ്പ് അണിയിച്ചൊരുക്കുന്നത്. അഡ്വക്കേറ്റിന്റെ വേഷത്തിലാണ് സൂര്യ കറുപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. മലയാളികളായ ഇന്ദ്രന്‍സ്, സ്വാസിക എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സായ് അഭ്യങ്കറാണ് കറുപ്പിന് സംഗീതം നല്കിയിരിക്കുന്നത്.

Content Highlight: R J Balaji saying Karuppu movie will not release this year

We use cookies to give you the best possible experience. Learn more