സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കറുപ്പ്. കഴിഞ്ഞ ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നറിയിച്ച ചിത്രം പിന്നീട് വൈകുകയായിരുന്നു. ഒരുഘട്ടത്തില്‍ പ്രതീക്ഷകളെല്ലാം കുറഞ്ഞ ചിത്രത്തിലെ മൂന്നാമത്തെ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതോടെ പ്രതീക്ഷകള്‍ ഇരട്ടിയായി. വരുംദിവസങ്ങളില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
ചിത്രത്തിന്റെ ടീസറില്‍ പലരും ശ്രദ്ധിച്ച കാര്യമായിരുന്നു സൂര്യയുടെ സ്‌മോക്കിങ് സീനുകള്‍. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പുകവലിയെ അധികം പ്രൊമോട്ട് ചെയ്യാത്ത താരമാണ് സൂര്യ. വാരണം ആയിരത്തിന് ശേഷം വിക്രം വരെ ഒരു ചിത്രത്തിലും താരം പുകവലിച്ചിട്ടില്ല. കറുപ്പിന് വേണ്ടി വീണ്ടും സൂര്യയെക്കൊണ്ട് പുകവലിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍.
ആര്‍.ജെ ബാലാജി Photo: Screen grab/ Sudhir Srinivasan
ഹീറോയെ എലവേറ്റ് ചെയ്യാന്‍ വേണ്ടിയല്ല താന്‍ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് ബാലാജി പറഞ്ഞു. ഒരിക്കലും പുകവലി പോലുള്ള കാര്യങ്ങളെ മാസായി കാണിക്കാന്‍ ആഗ്രഹിക്കുന്നയാളല്ല താനെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. കഥയുടെ ആധികാരികതക്ക് വേണ്ടിയാണ് ഇത്തരം രംഗങ്ങളെന്നും ബാലാജി പറയുന്നു. സുധീര്‍ ശ്രീനിവാസാനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ മുന്‍ ചിത്രങ്ങളായ എല്‍.കെ.ജിയായാലും മൂക്കുത്തി അമ്മനായാലും അതിലൊന്നും പുകവലിയെ പ്രൊമോട്ട് ചെയ്യുന്ന സീനുകള്‍ കാണാന്‍ കഴിയില്ല. എന്നാല്‍ കറുപ്പിലേക്ക് എത്തുമ്പോള്‍ കറുപ്പുസാമി എന്ന ദൈവത്തിന്റെ എലമെന്റില്‍ ഇത്തരം കാര്യങ്ങള്‍ കടന്നുവരുന്നുണ്ട്. തമിഴ്‌നാട്ടില്‍ കറുപ്പുസാമി എന്ന ദൈവത്തിന് മദ്യവും ചുരുട്ടുമെല്ലാം ഭക്തര്‍ വഴിപാടായി നല്‍കാറുണ്ട്.
കറുപ്പ്. Photo: Screen grab/ Think Music India
ആ ഒരു എലമെന്റാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാതെ പുകവലിയെ ഗ്ലാമറൈസ് ചെയ്ത് കാണിക്കാനോ സൂര്യയെ എലവേറ്റ് ചെയ്യാനോ ഉള്ളതല്ല. കഥയുടെ റിയലിസം മെയിന്റെയിന്‍ ചെയ്യാനാണ്. ആരെങ്കിലും ആ കാര്യം മോറലി തെറ്റായി കാണുന്നുണ്ടെങ്കില്‍ ഫിലിംമേക്കറെന്ന നിലയില്‍ അതില്‍ വിഷമമുണ്ട്,’ ആര്‍.ജെ ബാലാജി പറഞ്ഞു.
വന്‍ ബജറ്റിലാണ് കറുപ്പ് ഒരുങ്ങുന്നത്. ഏറെക്കാലമായി ആരാധകര്‍ മിസ് ചെയ്തിരിക്കുന്ന മാസ് സൂര്യയെ ഈ സിനിമയിലൂടെ കാണാനാകുമെന്നാണ് പ്രതീക്ഷ. തൃഷയാണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, സ്വാസിക, നട്ടി, ആനന്ദ് രാജ് തുടങ്ങി വന്‍ താരനിരയാണ് കറുപ്പില്‍ അണിനിരക്കുന്നത്. മെയ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: R J Balaji saying he didn’t tried to glorify smoking in Karuppu movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ