| Thursday, 4th June 2026, 4:50 pm

കറുപ്പ് vs വെളുപ്പ് : കറുപ്പിന്റെ രണ്ടാം ഭാഗം ഉറപ്പിച്ച് ആർ.ജെ ബാലാജി

കെ.എസ് ഷാബിന

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി നടിപ്പിൻ നായകൻ സൂര്യയുടെ ‘കറുപ്പ്’ തിയേറ്ററുകളിൽ വൻ കുതിപ്പ് തുടരുകയാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം പ്രിയ നായകന്റെ ഒരു തകർപ്പൻ തിയേറ്റർ ഹിറ്റിനായി കാത്തിരുന്ന സൂര്യ ആരാധകർക്ക് വലിയൊരു ആശ്വാസവും ആഘോഷവുമായി മാറിയിരിക്കുകയാണ് ചിത്രം. തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്.

നീതി നടപ്പാക്കേണ്ട നീതിപീഠത്തിൽ നിന്ന് തന്നെ അനീതി നേരിടേണ്ടി വരുമ്പോൾ, ‘കറുപ്പ് സ്വാമി’ എന്ന കാവൽ ദൈവം നീതി നടപ്പാക്കാനായി അവതരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കറുപ്പ് സ്വാമിയായി സൂര്യ സ്‌ക്രീനിൽ നിറഞ്ഞാടിയപ്പോൾ തിയേറ്ററുകൾ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പായി മാറി. വക്കീൽ, പോലീസ് ഉദ്യോഗസ്ഥൻ, രാഷ്ട്രീയക്കാരൻ, കറുപ്പ് സ്വാമി എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിലാണ് സൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

കറുപ്പ്.Photo:X.,com

സിനിമയുടെ അവസാനം ‘കറുപ്പ് vs വെളുപ്പ്’ എന്ന് എഴുതിക്കാണിച്ചുകൊണ്ട് ആരാധകരിൽ വലിയ ആകാംഷ നിലനിർത്തിയാണ് ചിത്രം അവസാനിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനൊരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന ആവേശ വാർത്ത പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ആർ.ജെ. ബാലാജി.

‘കറുപ്പിന് ഒരു രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകും. എന്നാൽ അത് ഉടനെ സംഭവിക്കില്ല. ‘ദൈവം vs രാഷ്ട്രീയം’ (God vs Politics) എന്നതായിരിക്കും ചിത്രത്തിന്റെ പ്രമേയം. കറുപ്പ് സ്വാമി എന്ന ദൈവവും ബേബി കണ്ണൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്. എന്നാൽ ഒരു രാഷ്ട്രീയ സിനിമ പുറത്തിറക്കാൻ പറ്റിയ ശരിയായ സമയം ഇതാണോ എന്ന് എനിക്കറിയില്ല.’

കറുപ്പ്.Photo:X.,com

‘തുടർഭാഗങ്ങൾ ചെയ്യണമായിരുന്നെങ്കിൽ എനിക്ക് ‘മൂക്കുത്തി അമ്മൻ’, ‘എൽ.കെ.ജി’ എന്നീ ചിത്രങ്ങൾക്കും രണ്ടാം ഭാഗം ചെയ്യാമായിരുന്നു. വിപണി സാധ്യതയുണ്ട്, ഒരുപാട് പണം സമ്പാദിക്കാം എന്ന് കരുതി മാത്രം സിനിമ ചെയ്യാൻ എനിക്ക് താല്പര്യമില്ല. എന്നാൽ സൂര്യ സാറിന്റെ ‘കറുപ്പ്’ രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകും. അദ്ദേഹത്തോടൊപ്പം വീണ്ടും എത്ര തവണ വേണമെങ്കിലും ജോലി ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ. അതുകൊണ്ട് തന്നെ സൂര്യ സാറിനെ നായകനാക്കി ‘കറുപ്പ് vs വെളുപ്പ്’ ഉറപ്പായും വരും.’

ഒരു സിനിമ ഹിറ്റായാൽ ഉടൻ തന്നെ അതിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ അടുപ്പിച്ചു ചെയ്യുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നും ബാലാജി വ്യക്തമാക്കി. ആർ.ജെ. ബാലാജിയുടെ ഈ പ്രഖ്യാപനം സൂര്യ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ‘കറുപ്പ് vs വെളുപ്പ്’ നായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സൂര്യ ആരാധകർ.

Content Highlight: R.J. Balaji confirms ‘Karuppu’ sequel, titled ‘Karuppu vs Veluppu

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more