ഒരു വര്‍ഷത്തിലേറെയായി സൂര്യ ഫാന്‍സ് കാത്തിരിക്കുന്ന ചിത്രമാണ് കറുപ്പ്. കങ്കുവയുടെ ഷൂട്ടിന് പിന്നാലെ അനൗണ്‍സ് ചെയ്ത ചിത്രം കഴിഞ്ഞവര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ദീപവലിക്ക് ഷൂട്ട് കഴിയാത്ത ചിത്രം പിന്നീട് നീണ്ടുപോവുകയായിരുന്നു. ആദ്യ ടീസര്‍ റിലീസായ സമയത്തുണ്ടായിരുന്ന ഹൈപ്പ് നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിക്കാതെ പോയി.
പല റൂമറുകള്‍ക്കൊടുവില്‍ അടുത്തിടെ കറുപ്പിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. മെയ് 14ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സൂര്യയുടെ തിരിച്ചുവരവായിരിക്കുമെന്നാണ് പലരും കരുതുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് വൈകിയതും മറ്റ് വിമര്‍ശനങ്ങളും താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ആര്‍.ജെ ബാലാജി.
ആര്‍.ജെ ബാലാജി Photo: Screen grab/ Sudhir Srirnivasan
ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഷൂട്ട് അവസാനിച്ചില്ലെന്ന് ബാലാജി പറഞ്ഞു. പിന്നീട് മുമ്പിലുണ്ടായിരുന്ന സ്ലോട്ട് പൊങ്കലായിരുന്നെന്നും ആ സമയത്ത് ജന നായകന്‍ റിലീസുള്ളതിനാല്‍ ആ സമയത്തെ റിലീസ് തന്റെ മനസിലുണ്ടായിരുന്നില്ലെന്നും താരം സമ്മര്‍ റിലീസായി ചിത്രം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു ആര്‍.ജെ ബാലാജി.
‘പടം ഡ്രോപ്പായന്നും ഞാനും പ്രൊഡ്യൂസറും തമ്മില്‍ തര്‍ക്കമാണെന്നൊക്കെ പലരും പറഞ്ഞുണ്ടാക്കി. സിനിമയുടെ ഒരു ടീസറും പാട്ടുമല്ലാതെ വേറൊരു അപ്‌ഡേറ്റും വരാത്തതുകൊണ്ട് അത് സത്യമാണെന്ന് ചിലര്‍ വിശ്വസിക്കുകയും ചെയ്തു. പടത്തിലെ സെക്കന്‍ഡ് സോങ്ങായി പ്ലാന്‍ ചെയ്തത് ‘റാത്തു രാസന്‍’ ആയിരുന്നു. റിലീസിന് ശേഷം ‘നാങ്ക നാല് പേര്’ എന്ന പാട്ട് പുറത്തുവിടാമെന്നും തീരുമാനിച്ചു.
കറുപ്പ് Photo: Spotify
പക്ഷേ എന്റെ അസിസ്റ്റന്റ്‌സിന്റെ നിര്‍ബന്ധം കാരണം ‘നാങ്ക നാല് പേര്’ ആദ്യം ഇറക്കി. സൂര്യയുടെ സിനിമയില്‍ സൂര്യയെ കാണിക്കാത്ത ഒരു പാട്ടായി അത് മാറി. വരുന്നവനും പോകുന്നവനുമൊക്കെ ഞങ്ങളെ എയറിലാക്കി. അജിത് ഫാന്‍സിന്റെ കാര്യം നോക്കിയാല്‍ അവര്‍ വിജയ്‌യുടെ സിനിമകളെ തെറിവിളിക്കും.
വിജയ് ഫാന്‍സാണെങ്കില്‍ അജിതിന്റെ സിനിമകളെ തെറിവിളിക്കും. സൂര്യയുടെ ഫാന്‍സ് മാത്രമാണ് ഞങ്ങളെ തെറിവിളിച്ചത്. ആ പാട്ടിന് കിട്ടിയ റെസ്‌പോണ്‍സ് കണ്ട് ഞാനും സായ്‌യും കുറച്ച് പേടിച്ചു,’ ആര്‍.ജെ ബാലാജി പറയുന്നു.
മൂക്കുത്തി അമ്മന് ശേഷം ആര്‍.ജെ ബാലാജി സംവിധായക കുപ്പായമണിയുന്ന ചിത്രമാണ് കറുപ്പ്. സൂര്യ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കുറച്ച് സൂപ്പര്‍ഹീറോ ടച്ചുള്ള ഒന്നാണെന്ന് പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ സൂചന നല്‍കുന്നുണ്ട്. തൃഷ, നടരാജ സുബ്രഹ്‌മണ്യം, സ്വാസിക, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: R J Balaji about the negative feedbacks from Surya fans after Karuppu song release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ