തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് സൂര്യ നായകനായെത്തിയ കറുപ്പ്. ആര്‍.ജെ ബാലാജി അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 340 കോടിയോളം സ്വന്തമാക്കി. ഏറെക്കാലമായി തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യയുടെ അതിഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു കറുപ്പ്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു.
ആമസോണ്‍ പ്രൈമിലൂടെയാണ് കറുപ്പ് സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങള്‍ ട്രോള്‍ മെറ്റീരിയലായി. ക്ലൈമാക്‌സ് ഫൈറ്റിന് മുമ്പായി ഐക്കോണിക് കഥാപാത്രമായ സിങ്കം ഗെറ്റപ്പില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നുണ്ട്. തിയേറ്ററുകളെ ഇളക്കിമറിച്ച ഈ സീനിന് ഒ.ടി.ടിയില്‍ വിമര്‍ശനമായിരുന്നു. ഫൈറ്റിനിടെ സൂര്യയുടെ തല സി.ജി.ഐ ഉപയോഗിച്ച് പേസ്റ്റ് ചെയ്തതാണെന്ന് വ്യക്തമായി അറിയുന്നുണ്ടായിരുന്നു.
ആര്‍.ജെ ബാലാജി Photo: Screen grab/ Cineulagam
ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട ഫൈറ്റ് സീനിനെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ച രീതി വിമര്‍ശനത്തിന് വിധേയമായി. ഇപ്പോഴിതാ ഈ സീനിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആര്‍.ജെ ബാലാജി. ഒ.ടി.ടി റിലീസില്‍ ഈ സീന്‍ ട്രോളിനിരയാകുമെന്ന് ആദ്യമേ അറിയാമെന്ന് ബാലാജി പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത്തരം ഹെഡ് റീപ്ലേസ്‌മെന്റ് സിനിമയില്‍ ഇപ്പോള്‍ സാധാരണമാണ്. പക്ഷേ അതിന് ചില തയാറെടുപ്പുകളുണ്ട്. ഗ്രാഫിക്‌സ് ചെയ്യേണ്ട സീന്‍ മിനിമം എട്ട് മാസം മുമ്പെങ്കിലും ആ സി.ജി.ഐ കമ്പനിയെ ഏല്പിക്കണം. എന്നാല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ കിട്ടുകയുള്ളൂ. കറുപ്പിന്റെ കാര്യത്തിലേക്ക് വന്നാല്‍ ആ സാവകാശം ഞങ്ങള്‍ക്ക് കിട്ടിയില്ല.
ഏറ്റവുമൊടുവിലാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. പിന്നീട് എട്ട് മാസം കാത്തിരുന്നാല്‍ പറഞ്ഞ സമയത്ത് പടം റിലീസാക്കാന്‍ പറ്റാത്ത അവസ്ഥ വരും. അപ്പോള്‍ കിട്ടിയ സമയം കൊണ്ട് പറ്റുന്ന രീതിയില്‍ ആ സീനെടുത്തു. തിയേറ്ററില്‍ അധികമാരും ഈ പ്രശ്‌നം ശ്രദ്ധിച്ചില്ല. ഒ.ടി.ടിയില്‍ അടിയുറപ്പാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. വിമര്‍ശനങ്ങളെല്ലാം സ്വീകരിക്കുന്നു. അടുത്ത പടത്തില്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും,’ ആര്‍.ജെ ബാലാജി പറയുന്നു.
തമിഴ്‌നാട്ടില്‍ ഒരുപാടിടത്ത് ആരാധനാലയങ്ങളുള്ള കറുപ്പ് സാമിയായിട്ടാണ് സൂര്യ കറുപ്പില്‍ പ്രത്യക്ഷപ്പെട്ടത്. കോടതിയില്‍ നിന്ന് സാധാരണക്കാര്‍ക്ക് നീതി ലഭിക്കാത്ത നേരത്ത് ദൈവം പ്രത്യക്ഷപ്പെട്ട് സിസ്റ്റത്തെ ശരിയാക്കുന്നതാണ് ചിത്രത്തിന്റെ കഥ. സൂര്യക്ക് പുറമെ തൃഷ, ഇന്ദ്രന്‍സ്, അനഘ രവി, സ്വാസിക, ആര്‍.ജെ ബാലജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlight: R J Balaji about the most trolled scene in Karuppu movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ