| Sunday, 19th April 2026, 10:50 am

ബൈക്കില്ലാത്തതുകൊണ്ട് അന്ന് സൂര്യ സാറിന്റെ ആ സിനിമ കാണാന്‍ പറ്റിയില്ല, ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വെച്ച് പടം ചെയ്യുന്നു: ആര്‍.ജെ ബാലാജി

അമര്‍നാഥ് എം.

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച് ഇന്ന് തമിഴിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച താരമാണ് ആര്‍.ജെ ബാലാജി. കോമഡി താരമായി സിനിമാലോകത്തേക്ക് കടന്നുവന്ന ബാലാജി നായകനായും സംവിധായകനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മൂക്കുത്തി അമ്മന് ശേഷം ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് റിലീസിന് തയാറെടുക്കുകയാണ്.

ഏറെക്കാലമായി വലിയ ഹിറ്റുകളൊന്നുമില്ലാത്ത സൂര്യയുടെ തിരിച്ചുവരവായി കറുപ്പ് മാറുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞവര്‍ഷം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നറിയിച്ച ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. സൂര്യയെ നായകനാക്കി ഗ്രാന്‍ഡ് സ്‌കെയിലിലാണ് ബാലാജി കറുപ്പ് ഒരുക്കിയത്. സൂര്യയുമായുള്ള ബോണ്ടിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് ആര്‍.ജെ ബാലാജി.

ആര്‍.ജെ ബാലാജി Photo: Screen grab/ Sudhir Srinivasan

ആദ്യമായിട്ടാണ് ഒരു സൂപ്പര്‍താരവുമായി താന്‍ സിനിമ ചെയ്യുന്നതെന്ന് ബാലാജി പറഞ്ഞു. സൂര്യയുടെ സിനിമ താന്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ പലരും അന്തംവിട്ടെന്നും തന്റെ കഴിവില്‍ അവര്‍ സംശയിച്ചെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സൂര്യയെ നായകനാക്കി സിനിമ ചെയ്യുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും ബാലാജി പറയുന്നു. സുധീര്‍ ശ്രീനിവാസനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കോളേജില്‍ ഫസ്റ്റ് ഇയറിന് പഠിക്കുന്ന സമയത്താണ് കാക്ക കാക്ക എന്ന പടം റിലീസാകുന്നത്. പടം വന്‍ ഹിറ്റായി. കോളേജിലെ എല്ലാവരും ആ സിനിമ കാണാന്‍ ക്ലാസ് കട്ട് ചെയ്ത് പോകാറുണ്ടായിരുന്നു. പക്ഷേ, ബൈക്കില്ലാത്തതുകൊണ്ട് മാത്രം എനിക്ക് പോകാന്‍ പറ്റിയില്ല. പിന്നീട് രണ്ടുമൂന്ന് മാസം കഴിഞ്ഞ് സി ക്ലാസ് തിയേറ്ററിലെത്തിയപ്പോഴാണ് എനിക്ക് കാണാന്‍ പറ്റിയത്.

ഫൈനല്‍ ഇയറിന് പഠിക്കുമ്പോഴായിരുന്നു ഗജിനി റിലീസായത്. സൂര്യ സാറിന്റെ ക്ലാസ് സിനിമകളെല്ലാം എന്റെ കോളേജ് ടൈമിലായിരുന്നു റിലീസായത്. അന്നൊന്നും സൂര്യ സാറിനെ വെച്ച് സിനിമ ചെയ്യാനാകുമെന്ന് കരുതിയിട്ടില്ലായിരുന്നു. ലൊക്കേഷനില്‍ വെച്ച് ഈ കാര്യമൊക്കെ പറഞ്ഞപ്പോള്‍ സൂര്യ സാര്‍ ചുമ്മാ ചിരിച്ചതേയുള്ളൂ,’ ആര്‍.ജെ. ബാലാജി പറയുന്നു.

റൂറല്‍ ആക്ഷന്‍ ഡ്രാമ ഴോണറിലാണ് ചിത്രം ഒരുങ്ങിയിട്ടുള്ളത്. തൃഷയാണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, സ്വാസിക, നട്ടി തുടങ്ങി വന്‍ താരനിര കറുപ്പില്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റില്ലാത്ത സൂര്യയുടെ ഗംഭീര തിരിച്ചുവരവാകും കറുപ്പെന്ന് ആരാധാകര്‍ കരുതുന്നുണ്ട്.

Content Highlight: R J Balaji about his bond with Suriya

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more