തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ രാഷ്ട്രീയലാക്കോടെയുള്ള പ്രചാരണം തെറ്റാണെന്നും ദുഷ്ടലാക്കോടെ നടക്കുന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ചില ക്ഷുദ്രജീവികൾ എൻ.എസ്.എസിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം രാഷ്ട്രീയവുമായി കൂട്ടിച്ചേർക്കേണ്ടതില്ലെന്നും ഇത് വിശ്വാസ സംരക്ഷണത്തിന്റെ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ പ്രചാരണം നടത്തരുതെന്നും രാഷ്ട്രീയക്കാർക്ക് ബോധമുണ്ടാകണമെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്നം ജയന്തിയുമായി ബന്ധപ്പെട്ട പെരുന്നയിലെ എന്‍.എസ്.എസ് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംഘടനയ്‌ക്കെതിരായി പ്രവർത്തിക്കുന്നത് സ്വന്തം സമുദായത്തിൽ നിന്നുള്ള ചില ക്ഷുദ്ര ജീവികളാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയതിനാലാണ് പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത്,’ അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിന്ന പാർട്ടികൾ എൻ.എസ് .എസിന്റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു. രാഷ്ട്രീയ താത്പര്യങ്ങൾ വെച്ചുകൊണ്ടാണ് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുഷ്‌ലാക്കോടെ നടക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങൾ വിശ്വസിക്കരുത്. അന്വേഷണത്തിൽ വീഴ്ചയുണ്ടായാൽ എൻ.എസ്.എസ് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
‘വിശ്വാസികളുടെ വികാരം മനസിലാക്കി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വയം നിലപാട് മാറ്റി. ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ സാഹചര്യം ഒരുക്കി. ഈ നിലപാടുമാറ്റത്തില്‍ വിശ്വാസികള്‍ സന്തോഷിച്ചു, ‘ സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പമ്പയില്‍ ആഗോളതലത്തിലെ അയ്യപ്പവിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം വിളിച്ചുകൂട്ടി. എന്‍.എസ്.എസിനും അതില്‍ പങ്കെടുക്കേണ്ട ഉത്തരവാദിത്വം ഉണ്ടായി. പ്രക്ഷോഭത്തില്‍നിന്ന് വിട്ടുനിന്ന പാര്‍ട്ടികള്‍ എന്‍.എസ്.എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് മുതലെടുപ്പിനായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: R. G. Sukumaran Nair said that the political campaign in the Sabarimala gold robbery case is wrong