ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍ ഓസ്ട്രേലിയന്‍ ടി – 20 ക്രിക്കറ്റ് ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗില്‍ (ബി.ബി.എല്‍) കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. താരത്തെ ലീഗില്‍ എത്തിക്കാന്‍ അശ്വിനുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ (സി.എ) ചീഫ് ടോഡ് ഗ്രീന്‍ബെര്‍ഗ് ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ക്രിക് ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘അശ്വിനെ പോലെ മികച്ച ഒരാളെ ബി.ബി.എല്ലിലേക്ക് കൊണ്ടുവരാന്‍ ആയാല്‍ അത് അതിശയകരമായിരിക്കും. അദ്ദേഹം കളിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിന് എല്ലാ തലത്തിലും ഗുണകരമാവും. അദ്ദേഹം ഒരു ചാമ്പ്യന്‍ ബൗളറാണ്. ഞങ്ങളുടെ ക്രിക്കറ്റിനും ബി.ബി.എല്ലിനും ആവേശവും കൂടുതല്‍ കഴിവും കൊണ്ടുവരാന്‍ അശ്വിന് സാധിക്കും,’ ടോഡ് ഗ്രീന്‍ബെര്‍ഗിനെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം തന്നെ താരത്തെ ബി.ബി.എല്ലില്‍ എത്തിക്കാനാണ് ശ്രമമെന്നാണ് വിവരം. പക്ഷെ, ഡിസംബറില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന് ഏകദേശം എല്ലാ ടീമുകളും താരങ്ങളെ എത്തിക്കാന്‍ പണം ചെലവഴിച്ചിട്ടുണ്ട്. അതിനാല്‍ ഈ എട്ട് ടീമുകളുമായും ഗ്രീന്‍ബെര്‍ഗിന് ചര്‍ച്ചകള്‍ നടത്തേണ്ടി വരും.
അതേസമയം, ഓഗസ്റ്റ് 27നാണ് അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഐ.പി.എല്‍ കളിക്കാരന്‍ എന്ന നിലയിലുള്ള തന്റെ സമയം കഴിഞ്ഞെന്ന് പറഞ്ഞായിരുന്നു താരത്തിന്റെ പടിയിറക്കം. ഒപ്പം താന്‍ ഇനി വിദേശ ലീഗുകളില്‍ കളിക്കാന്‍ ഒരുങ്ങുകയാണെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
16 വര്‍ഷത്തെ കരിയറിന് അന്ത്യം കുറിച്ചാണ് അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് വിരമിക്കുന്നത്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് താരം തന്റെ കരിയറിന് അന്ത്യം കുറിച്ചത്. താരം ഈ ടൂര്‍ണമെന്റില്‍ 187 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
സി.എസ്. കെയിലൂടെ 2009ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ അഞ്ച് ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2015 വരെ ചെന്നൈക്കൊപ്പമായിരുന്ന താരം റൈസിങ് പൂനെ വാരിയയേഴ്‌സിലേക്ക് ചേക്കേറി. സി.എസ്.കെയ്ക്ക് വിലക്ക് നേരിട്ടതോടെയാണ് അശ്വിന്‍ 2016ല്‍ പൂനെയില്‍ എത്തിയത്.
അതിനുശേഷം രണ്ട് സീസണില്‍ പഞ്ചാബിലും പിന്നാലെ 2020 -21 സീസണ്‍ മുതല്‍ രണ്ട് സീസണുകളില്‍ ദല്‍ഹി ക്യാപ്റ്റല്‍സിലും താരം കളിച്ചു. അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലിറങ്ങി. 2024 ല്‍ മെഗാ താര ലേലത്തില്‍ ആര്‍.ആര്‍ റിലീസ് ചെയ്തതോടെ വീണ്ടും ചെന്നൈയിലെത്തി. ഇവിടെ ഒരു സീസണ്‍ കളിച്ചാണ് താരം ഐ.പി.എല്ലില്‍ നിന്ന് വിട പറഞ്ഞത്.
Content Highlight: R. Ashwin to feature in BBL and Cricket Australia chief held discussion with the player: Report