| Saturday, 17th October 2026, 3:55 pm

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ജഡേജയേക്കാള്‍ മുന്നിലാണ് അവന്‍; തുറന്ന് പറഞ്ഞ അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ രവീന്ദ്ര ജഡേജയും യുവതാരം അക്‌സര്‍ പട്ടേലും തമ്മിലുള്ള പോരാട്ടത്തില്‍ നിലവില്‍ അക്‌സറിനാണ് മുന്‍തൂക്കമെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്റെ വിലയിരുത്തല്‍.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേലിനാണ് ഇപ്പോള്‍ കൂടുതല്‍ സാധ്യതയെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് അശ്വിന്റെ ഈ നിരീക്ഷണം.

‘വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ രവീന്ദ്ര ജഡേജ അക്‌സര്‍ പട്ടേലിനേക്കാള്‍ അല്‍പ്പം പിന്നിലാണെന്ന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ടായിരിക്കാം അക്‌സറിന് മുന്‍ഗണന നല്‍കുന്നത്. ജഡേജയ്ക്ക് സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും അവസരം നല്‍കുകയും ദീര്‍ഘകാലം പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇടംകൈ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അക്‌സര്‍ പട്ടേല്‍ അല്‍പ്പം മുന്നിലാണെന്നാണ് അവരുടെ വിലയിരുത്തല്‍. അതിനാല്‍, നിലവിലെ സാഹചര്യത്തില്‍ ഏകദിന ലോകകപ്പിലേക്ക് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി പോകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള താരം അക്‌സര്‍ പട്ടേലാണെന്നാണ് എന്റെ അഭിപ്രായം,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇടംകൈ സ്പിന്‍ ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും സംഭാവന നല്‍കാന്‍ കഴിയുന്ന ഓള്‍റൗണ്ടര്‍മാരെന്ന നിലയില്‍ ഇരുവരും ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അക്‌സര്‍ പട്ടേല്‍ ഈ റോളില്‍ അല്‍പ്പം മുന്നിലാണെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തലെന്ന് അശ്വിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

ജഡേജയുടെ അനുഭവസമ്പത്തും എല്ലാ ഫോര്‍മാറ്റുകളിലുമുള്ള മികവും തള്ളിക്കളയാനാകില്ലെങ്കിലും ടീമിന്റെ നിലവിലെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള തെരഞ്ഞെടുപ്പില്‍ അക്‌സറിന് തന്നെയാണ് മുന്‍ഗണന.

ലോകകപ്പ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുടെ സ്ഥാനത്തിനായുള്ള മത്സരം കൂടുതല്‍ ശ്രദ്ധേയമാകുകയാണ്. മാത്രമല്ല അശ്വിന്റെ നിരീക്ഷണം ജഡേജ-അക്സര്‍ പോരാട്ടത്തെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.

അതേസമയം 2027ലെ ഏകദിന ലോകകപ്പ് സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാബ്‌വേ എന്നിവിടങ്ങളിലാണ് നടക്കുക. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ വലിയ തയ്യാറെടുപ്പിലാണ്.

Content Highlight: R. Ashwin Talks Axar Patel Better Than Ravindra Jadeja In White Ball cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more