2026 ഐ.പി.എല്ലില്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തകര്‍ത്താണ് രാജസ്ഥാന്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയത്.
മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലേക്ക് കടന്നതിന് പിന്നാലെ ടീമിന്റെ ഓപ്പണര്‍ യശ്വസി ജെയ്സ്വാളിന്റെ ഈ സീസണിലെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍.
ജെയ്സ്വാളിന്റെ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നാണ് അശ്വിന്‍ പറഞ്ഞത്. വൈഭവ് സൂര്യവംശിയുടെ പ്രകടനം ജെയ്സ്വാളിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ടാവുമെന്നും അശ്വിന്‍ വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
Photo: IndianPremierLeague/x.com
‘യശ്വസി ജെയ്സ്വാളിന്റെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തി. എനിക്ക് അവനില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വൈഭവ് സൂര്യവംശിയുടെ പ്രകടനം ജെയ്സ്വാളിനെ സമ്മര്‍ദത്തിലാക്കിയിരിക്കാമെന്നാണ് തോന്നുന്നത്.
ടെസ്റ്റില്‍ വീരേന്ദ്രര്‍ സെവാഗും ആകാശ് ചോപ്രയും ഓപ്പണര്‍മാരായ കളിച്ച കാലം ഓര്‍ക്കൂ. ആകാശ് ചോപ്ര മികച്ച രീതിയില്‍ കളിച്ച് 30-40 റണ്‍സ് നേടി ടീമിനായി മികച്ച തുടക്കം നല്‍കുമായിരുന്നു. എന്നാല്‍ സെവാഗിന്റെ അതിവേഗ ബാറ്റിങ് കാരണം ആകാശ് ചോപ്രയുടെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ലായിരുന്നു. എന്നാല്‍ അദ്ദേഹം ജോലി മികച്ച രീതിയില്‍ ചെയ്യുമായിരുന്നു. പ്രത്യേകിച്ച് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആകാശ് ചോപ്ര മികച്ച പ്രകടനം നടത്തിയിരുന്നു,’ അശ്വിന്‍ പറഞ്ഞു.
വൈഭവ് ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 583 റണ്‍സാണ് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കി. ഒരു ടി-20 ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ 500 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 15കാരന്‍ മാറിയിരുന്നു.
ഇന്ത്യന്‍ താരം ദേവദത്ത് പടിക്കലിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്. 2019ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു പടിക്കല്‍ 500 റണ്‍സ് അടിച്ചെടുത്തത്. ഈ നേട്ടത്തിലെത്തുമ്പോള്‍ പടിക്കലിന് 19 വയസായിരുന്നു പ്രായം.
വൈഭവ് സൂര്യവംശി. Photo: iplt20.com
മറുവശത്ത് ജെയ്സ്വാള്‍ ഈ സീസണില്‍ 397 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണയാണ് ജെയ്സ്വാള്‍ അര്‍ധ സെഞ്ച്വറി കടന്നത്. ഇരുവരുടെയും മിന്നും പ്രകടനം എലിമിനേറ്ററിലും ടീമിന് നിര്‍ണായകമാവുമെന്നുറപ്പാണ്.
മെയ് 26നാണ് ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്. മെയ് 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. കലാശപ്പോരാട്ടം മെയ് 31നും നടക്കും.
Content Highlight: R. Ashwin talks about Yashasvi Jaiswal Performance in IPL 2026