ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യൻ ഓപ്പണർ യശ്വസി ജെയ്‌സ്വാളിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ജെയ്സ്വാളിന്റെ ബാറ്റിങ്ങിൽ ആത്മവിശ്വാസം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് അശ്വിൻ പറഞ്ഞത്.
മികച്ച കഴിവുള്ള താരങ്ങൾക്ക് മോശം സമയങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്നും എന്നാൽ നിലവിൽ ജെയ്‌സ്വാൾ കൂടുതൽ റൺസ് നേടുന്നത് കാണാനാണ് താൻ കാത്തിരിക്കുന്നതെന്നും അശ്വിൻ വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
‘യശ്വസി ജെയ്സ്വാളിന്റെ ആദ്യ ഇന്നിങ്സിലെ പുറത്താകൽ നിർഭാഗ്യകരമായിരുന്നു. രണ്ടാം ഇന്നിങ്സിലെ പുറത്താകലും അദ്ദേഹത്തിന് വീണ്ടും പരിശോധിച്ചു നോക്കാം. യശ്വസി വളരെ മികച്ച താരമാണ്. എന്നാൽ അടുത്തിടെ അദ്ദേഹത്തിന്റെ ഫോം അത്ര നല്ലതായിരുന്നില്ല. ആത്മവിശ്വാസവും മനസിന്റെ വ്യക്തതയും അദ്ദേഹത്തിന് വളരെ പ്രധാനമാണ്. അതിലേക്ക് തിരിച്ചുവന്ന് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വലിയ സ്കോറുകൾ നേടാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിവുള്ള താരങ്ങൾക്ക് മോശം സമയങ്ങളുടെ കടന്നുപോകേണ്ടി വരാം. ഇപ്പോൾ ജെയ്‌സ്വാൾ വീണ്ടും റൺസ് നേടുന്നത് കാണാനാണ് ഞാൻ കാത്തിരിക്കുന്നത്,’ അശ്വിൻ പറഞ്ഞു.
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 37 പന്തിൽ 32 റൺസ് നേടിയാണ് ജെയ്‌സ്വാൾ തിളങ്ങിയത്. അഞ്ച് ഫോറുകൾ നേടി ക്രീസിൽ മികച്ച ഫോമിൽ തുടരവെ താരം റൺ ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ റൺസ് ഒന്നും നേടാതെയാണ് ജെയ്സ്വാൾ മടങ്ങിയത്.
അതേസമയം ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ വമ്പൻ ജയമാണ് നേടിയത്. ലങ്കയുടെ തട്ടകമായ ഗാല്ലെയിൽ നടന്ന മത്സരത്തിൽ 165 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 372 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 206 റൺസിന് പുറത്തായി.
ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു. ഓഗസ്റ്റ് 23നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. മറുഭാഗത്ത് പരമ്പര സമനിലയാക്കാൻ ലങ്കക്ക് വിജയം അനിവാര്യമാണ്.
Content Highlight: R. Ashwin talks about Yashasvi Jaiswal performance against Sri Lanka