| Saturday, 14th June 2025, 5:01 pm

വിരാട് എന്നല്ല ഒരു താരവും ക്രിക്കറ്റിനേക്കാൾ വലുതല്ല; പ്രതികരണവുമായി അശ്വിൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി വളരെ അപ്രതീക്ഷിതമായാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. രോഹിത് ശർമ തന്റെ പടിയിറക്കം അറിയിച്ചതിനെ പിന്നാലെയായിരുന്നു താരത്തിന്റെയും വിരമിക്കൽ. വിരാട് റെഡ് ക്രിക്കറ്റിൽ നിന്ന് വിട പറഞ്ഞത് ഇപ്പോഴും ക്രിക്കറ്റ് ലോകത്തിന് ഉൾക്കൊള്ളാനായിട്ടില്ല.

ഇന്ത്യ പുതിയ ടീമിനെ പ്രഖ്യാപിച്ചിട്ടും വിരാടിനും രോഹിത്തിനും ടീമിൽ പകരക്കാർ എത്തിയിട്ടും താരത്തിന്റെ വിരമിക്കലിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. വിരാട് ടെസ്റ്റിൽ നിന്നും വിരമിച്ചത് റെഡ് ബോൾ ക്രിക്കറ്റിന് ക്ഷീണമാണെന്ന് വിശ്വസിക്കുന്ന പലരുമുണ്ട്. ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ സീനിയർ താരം ആർ. അശ്വിൻ.

വിരാട് എന്നല്ല, ഏതൊരു കളിക്കാരനും ക്രിക്കറ്റിനേക്കാൾ വലുതല്ലെന്ന് അദ്ദേഹം പറഞ്ഞു. വിരാട് തന്റെ പങ്ക് നിർവഹിച്ചുവെന്നും ആ വിജയം തുടരേണ്ടത് പുതിയ ഒരാളുടെ കടമയാണെന്നും താരം കൂട്ടിച്ചേർത്തു. റേവ് സ്പോർട്സിൽ സംസാരിക്കുക യായിരുന്നു ആർ. അശ്വിൻ.

‘ഇതുവരെ ഈ ഫോർമാറ്റിൽ കളിച്ച താരങ്ങളോ ഇനി കളിക്കാനുള്ള താരങ്ങളോ ക്രിക്കറ്റിനേക്കാൾ വലുതല്ല. കളിക്കാർ കളിയുടെ വിധി നിയന്ത്രിക്കുകയല്ല മറിച്ച് കളി അവരുടെ വിധിയെ സ്വാധീനിക്കുന്നുവെന്നാണ് ഞാൻ മനസിലാക്കുന്നത്.

എനിക്ക് വിരാടിനെ ഇഷ്ടമാണ്. പക്ഷേ, അദ്ദേഹം തന്റെ പങ്ക് നിർവഹിച്ച് മികച്ച ഫോമിലാണ് കളിയോട് വിട പറഞ്ഞത്. ഇനി ആ വിജയം തുടരേണ്ടത് പുതിയ ഒരാളുടെ കടമയാണ്,’ അശ്വിൻ പറഞ്ഞു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട താരങ്ങളെ കുറിച്ചും അശ്വിൻ സംസാരിച്ചു. യുവതാരങ്ങളുടെ മനോഭാവവും ആഗ്രഹവും ഇപ്പോൾ പ്രതീക്ഷയോടെയാണ് കാണുന്നത് അദ്ദേഹം പറഞ്ഞു. വിരാടും സച്ചിനും കാണിച്ച ഊർജം അവർക്കും തുടരാനാകുമെന്ന് നോക്കേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

‘ശുഭ്മൻ ഗിൽ, റിഷബ് പന്ത്, യശസ്വി ജെയ്‌സ്വാൾ, ധ്രുവ് ജുരെൽ എന്നിവരുടെ മനോഭാവവും ആഗ്രഹവും ഇപ്പോൾ പ്രതീക്ഷയോടെയാണ് കാണുന്നത്. വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ പോലുള്ളവർ ഈ കളത്തിൽ കാണിച്ച തീവ്രമായ ഊർജം അവർക്ക് ആവർത്തിക്കാൻ കഴിയുമോ എന്ന് നോക്കേണ്ട സമയമാണിത്. എന്നിരുന്നാലും, ആ ഊർജവും ആഗ്രഹവും പ്രകടിപ്പിക്കേണ്ടത് ടീമിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്,’ അശ്വിൻ പറഞ്ഞു.

Content Highlight: R Ashwin talks about Virat Kohli’s retirement and young players in Indian team

We use cookies to give you the best possible experience. Learn more