| Friday, 7th August 2026, 12:45 pm

ചെന്നൈ അവനെ കൈവിട്ടാല്‍ ഒരു രാക്ഷസനായി മാറും: അശ്വിന്‍

സുദേവ് എ

2027 ഐ.പി.എല്ലിന് മുന്നോടിയായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്രേഡിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിങ്സ് ഓള്‍ റൗണ്ടര്‍ ശിവം ദുബെയെ കൈവിട്ടാല്‍ എന്ത് സംഭവിക്കുമെന്ന മുന്നറിയിപ്പാണ് അശ്വിന്‍ നല്‍കിയത്.

ദുബെ മറ്റേതെങ്കിലും ടീമിലേക്ക് പോയാല്‍ ഒരു രാക്ഷസനായി മാറുമെന്നാണ് അശ്വിന്‍ പറഞ്ഞത്. ദുബെ ഇന്ത്യന്‍ ടീമിലുള്ള അപൂര്‍വമായ ഒരു ഉല്‍പന്നമാണെന്നും അശ്വിന്‍ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ സ്പിന്നര്‍.

‘സി.എസ്.കെയില്‍ എപ്പോഴും ചില താരങ്ങളെ വില കുറച്ച് കാണാറുണ്ട്. ശിവം ദുബെ ഫീല്‍ഡില്‍ വളരെ സിമ്പിള്‍ വീഴ്ചകള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ദുബെയെ കൈവിട്ടാല്‍ അവന്‍ ഒരു മൃഗമാകുമെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ദുബെ സി.എസ്.കെയില്‍ നിന്നും പുറത്തുപോയാല്‍ അവന്‍ മറ്റേതെങ്കിലും ടീമില്‍ ഒരു രാക്ഷസനായി മാറും. ദുബെ ഇന്ത്യന്‍ ടീമിലെ അപൂര്‍വമായ ഒരു ഉല്പന്നമാണ്,’ ആര്‍. അശ്വിന്‍ പറഞ്ഞു.

2022 സീസണിലാണ് ദുബെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാവുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ദുബെ ചെന്നൈയിലെത്തിയത്. ചെന്നൈക്കൊപ്പം ഇതുവരെ നാല് സീസണുകളില്‍ കളത്തിലിറങ്ങിയ ദുബെ ടീമിന്റെ വിശ്വസ്തനായ താരമാണ്.

ചെന്നൈക്കൊപ്പം ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ സംഭാവനകള്‍ നല്‍കിയ താരമാണ് ദുബെ. ഇതുവരെ 92 മത്സരങ്ങളില്‍ നിന്നും 2129 റണ്‍സാണ് ദുബെ നേടിയിട്ടുള്ളത്.

അതേസമയം മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായി നിലനിന്നിരുന്നു. ശിവം ദുബെയെ അടക്കമുള്ള താരങ്ങളെ കൈമാറിയാണ് മുംബൈ നായകനെ ചെന്നൈ സ്വന്തമാക്കാന്‍ ഒരുങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തള്ളി മുംബൈ ഇന്ത്യന്‍സ് രംഗത്തെത്തുകയും ചെയ്തു. ട്രേഡ് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് മുംബൈ വ്യക്തമാക്കിയത്.

Content Highlight: R. Ashwin talks about Shivam Dube transfer decision of Chennai super kings

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more