| Friday, 14th August 2026, 9:28 am

അവന് ഉപഭൂഖണ്ഡത്തിലെ രാജാവാകാന്‍ സാധിക്കും: പ്രശംസയുമായി അശ്വിന്‍

സുദേവ് എ

ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19വരെ ഗല്ലെയിലാണ് നടക്കുന്നത്.

രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.

ഇപ്പോള്‍ ഈ പരമ്പരക്ക് മുന്നോടിയായി ടീമില്‍ അവസാന നിമിഷം അവസരം ലഭിച്ച സര്‍ഫറാസ് ഖാനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. സര്‍ഫറാസിന് ഉപഭൂഖണ്ഡത്തിലെ രാജാവാകാന്‍ സാധിക്കുമെന്നാണ് അശ്വിന്‍ പറഞ്ഞത്.

സ്പിന്നിനെ നന്നായി നേരിടുന്നതില്‍ ശ്രദ്ധ നല്‍കാന്‍ സര്‍ഫറാസിന് സാധിക്കുമെന്നും അശ്വിന്‍ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘സായ് സുദര്‍ശന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സര്‍ഫറാസ് ടീമിലെത്തിയത്. സര്‍ഫറാസുമായി വ്യക്തമായി സംസാരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അദ്ദേഹത്തിന് എന്തെങ്കിലും കാര്യത്തില്‍ സംശയമുണ്ടെന്ന് തോന്നിയാല്‍ അത് വ്യക്തമായി പറഞ്ഞു കൊടുക്കണം. ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളില്‍ ടീമിന് വേണ്ടി മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹത്തോട് പറയണം.

അങ്ങനെ ചെയ്താല്‍ മറ്റുള്ള കാര്യങ്ങളില്‍ സമയം കളയാതെ തന്റെ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിന് കഴിയും. പ്രത്യേകിച്ച് സ്പിന്നിനെ നന്നായി നേരിടുന്നതില്‍ ശ്രദ്ധ നല്‍കാനാവും. ഇതിന് പുറമേ അദ്ദേഹത്തിന്റെ ഉപഭൂഖണ്ഡത്തില്‍ ഒരു രാജാവാകാനും സാധിക്കും. അദ്ദേഹത്തിന് ചില സാഹചര്യങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിനോട് തുറന്നുപറയുകയും ചെയ്യണം,’ അശ്വിന്‍ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സായ് സുദര്‍ശന് പകരമായാണ് സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരങ്ങളിലെ 11 ഇന്നിങ്‌സില്‍ നിന്ന് 371 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ ഇതുവരെ നേടിയത്. ഫസ്റ്റ് ക്ലാസില്‍ 62 മത്സരങ്ങളിലെ 92 ഇന്നിങ്സില്‍ നിന്ന് 5114 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം നടത്തിയ ശേഷമായിരുന്നു സര്‍ഫറാസ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2024ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരം അരങ്ങേറിയത്. 2024ല്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് സര്‍ഫറാസ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്.

Content Highlight: R. Ashwin Talks About Sarfaraz Khan

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more