ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ജഡേജയുടെ ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങ്ങിനെക്കുറിച്ചാണ് അശ്വിന്‍ സംസാരിച്ചത്. ടി-20യില്‍ ബാറ്റിങ് സമീപനം മാറ്റാനായി ജഡേജക്ക് നല്‍കിയ ഉപദേശങ്ങള്‍ താരം കേള്‍ക്കുന്നില്ലെന്നും അശ്വിന്‍ വിമര്‍ശിച്ചു. എം.എസ് ധോണിയുടെ അതേ ബാറ്റിങ് മനോഭാവമാണ് ജഡേജക്കെന്നും അശ്വിന്‍ വിമര്‍ശിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘പരിശീലകര്‍ അടക്കം ഒരുപാട് പേര്‍ രവീന്ദ്ര ജഡേജയോട് ബാറ്റിങ്ങിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സ്പിന്നര്‍മാരെ കൂടുതല്‍ ആക്രമിച്ചു കളിക്കണമെന്നാണ് ജഡേജയോട് പറഞ്ഞത്. ഇതൊന്നും കേള്‍ക്കാന്‍ അദ്ദേഹം തയ്യാറല്ല. 2024 ടി-20 ലോകകപ്പില്‍ ഒരു ഇടം കയ്യന്‍ ബാറ്ററെ ആവശ്യമുള്ളപ്പോള്‍ പരിചയ സമ്പന്നനായ ജഡേജക്ക് പകരം അക്സര്‍ പട്ടേലിനെയാണ് തെരഞ്ഞെടുത്തത്. അക്സര്‍ പട്ടേല്‍ സ്പിന്നര്‍മാരെയും മറ്റുള്ള ബൗളര്‍മാരെയും വളരെ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്.
എം.എസ് ധോണിയുടെ അതേ മനോഭാവമാണ് അദ്ദഹത്തിനുള്ളത്. ഇന്ത്യന്‍ ടീമില്‍ വര്‍ഷങ്ങളായി ഒരുമിച്ച് കളിച്ചതിനാല്‍ ധോണിയുടെ ശൈലി ജഡേജയെ സ്വാധീനിച്ചിരിക്കാം. മത്സരം കൂടുതല്‍ ആഴത്തിലേക്ക് കൊണ്ടുപോയി പേസര്‍മാരെ ആക്രമിക്കുന്നതാണ് അവരുടെ ശൈലി’, അശ്വിന്‍ പറഞ്ഞു.
2020 മുതല്‍ 2025 വരെ സ്പിന്നര്‍മാര്‍ക്കെതിരെ ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ് 94.28 ആയിരുന്നു. മധ്യനിര ബാറ്റര്‍മാര്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ പ്രഹര ശേഷിയാണിത്. ഈ സീസണില്‍ സ്പിന്നര്‍മാര്‍ക്കെതിരെ 12 ഫോറുകളും രണ്ട് സിക്‌സുകളും മാത്രമാണ് ജഡേജ നേടിയിട്ടുള്ളത്. ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും 152 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം.
രവീന്ദ്ര ജഡേജ. Photo: IndianPremierLeague/x.com
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ജഡേജ ഈ സീസണില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയത്. മത്സരത്തില്‍ 29 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. ബൗളിങ്ങില്‍ ഒരു വിക്കറ്റും നേടി. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ജഡേജയായിരുന്നു. കഴിഞ്ഞ ദിവസം ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ 14 പന്തില്‍ 20 റണ്‍സ് നേടിയാണ് ജഡേജ മടങ്ങിയത്.
മത്സരരത്തില്‍ രാജസ്ഥാന്‍ ഏഴ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി അഞ്ച് പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു.
Content Highlight: R. Ashwin Talks about Ravindra Jadeja Performance in IPL 2026