2026 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ 92 റണ്‍സിനാണ് ബെംഗളൂരു ഗുജറാത്തിനെ തകര്‍ത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഗുജറാത്തിനെതിരെ ഉയര്‍ത്തിയത്. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 33 പന്തില്‍ നിന്നും പുറത്താവാതെ 93 റണ്‍സ് നേടിയാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
രജത് പടിദാർ. Photo: Royal Challengers Bengaluru/x.com
ഇപ്പോള്‍ ബെംഗളൂരുവിനെ ഫൈനലിലെത്തിച്ച പാട്ടിദാറിന്റെ ഈ തകര്‍പ്പന്‍ ഇന്നിങ്‌സിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. പാട്ടിദാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കണമെന്നാണ് അശ്വിന്‍ പറഞ്ഞത്.
ക്വാളിഫയറില്‍ പാട്ടിദാറിന് മികച്ച റെക്കോഡുകള്‍ ഉണ്ടെന്നും ഈ ഇന്നിങ്‌സിന് ശേഷം പാട്ടിദാര്‍ ശ്രേയസ് അയ്യരെക്കാള്‍ മുകളിലാണെന്നും അശ്വിന്‍ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘പാട്ടിദാറിനെ ഇന്ത്യന്‍ ടീമിലെടുക്കാന്‍ ഒരു ചര്‍ച്ച നടക്കണം. അത് സംഭവിച്ചില്ലെങ്കില്‍ എന്തോ പ്രശ്‌നമുണ്ട്. രജത് പാട്ടിദാര്‍ ഒരു പ്രധാന ഇന്നിങ്സാണ് കളിച്ചത്. അവന് ക്വാളിഫയറില്‍ മികച്ച റെക്കോഡുകളുണ്ട്. ഈ ഇന്നിങ്‌സിന് മുമ്പ് ശ്രേയസ് അയ്യര്‍ പാട്ടിദാറിനേക്കാള്‍ മുന്നിലായിരുന്നു. എന്നാല്‍ ഈ ഇന്നിങ്‌സിന് ശേഷം പാട്ടിദാര്‍ മുന്നിലെത്തി.
സ്പിന്നര്‍മാര്‍ക്കെതിരെ രജത് മികച്ച രീതിയില്‍ കളിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെയും അവന്‍ മികച്ച പ്രകടനം നടത്തി. ഗുജറാത്ത് ബൗളര്‍മാര്‍ ആരും അവനെതിരെ ബൗണ്‍സര്‍ എറിയാത്തത് അതിശയകരമായി,’ അശ്വിന്‍ പറഞ്ഞു
അതേസമയം ഐ.പി.എല്ലിലെ അഞ്ചാം ഫൈനല്‍ പോരാട്ടത്തിനാണ് ബെംഗളൂരു തയ്യാറെടുക്കുന്നത്. ആര്‍.സി.ബി മൂന്ന് ഫൈനലുകളില്‍ പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം നടന്ന ഫൈനലില്‍ വിജയിച്ചുകൊണ്ട് ബംഗളൂരു ആദ്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ കിരീടം നിലനിര്‍ത്താനുള്ള സുവര്‍ണാവസരമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് വീണ്ടും ലഭിച്ചിരിക്കുന്നത്.
Content Highlight: R. Ashwin talks about Rajat Patidar performance in IPL 2026