| Friday, 31st July 2026, 10:56 am

അവനെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്: പിന്തുണയുമായി അശ്വിൻ

സുദേവ് എ

2027 ഐ.സി.സി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഉണ്ടാവണമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. എല്ലാ ടൂര്‍ണമെന്റുകളിലും ഭുവനേശ്വര്‍ കളിക്കണമെന്നും സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ താരം ഉണ്ടാവണമെന്നും അശ്വിന്‍ പറഞ്ഞു. ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘ഭുവനേശ്വര്‍ കുമാര്‍ മികച്ച താരമാണ്. ഫാസ്റ്റ് ക്ലാസിലും, വിജയ് ഹസാരെയിലും ഉള്‍പ്പടെയുള്ള എല്ലാ ടൂര്‍ണമെന്റുകളിലും അവന്‍ കളിക്കണമെന്ന് ഞാന്‍ പറയും. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി അവനെ തയ്യാറാക്കണം. അവിടെ നമുക്ക് അവനെ ആവശ്യമുണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ അശ്വിന്‍ പറഞ്ഞു.

2026 ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്.

സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്. 2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും ഭുവി നേടിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി 86 ടി-20 ഇന്നിങ്സുകള്‍ കളിച്ച പേസര്‍ 90 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ എടുത്തതാണ് ഭുവിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. എന്നാല്‍ 2022 ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.

അതേസമയം 2027 ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.

Content Highlight: R. Ashwin talks about Bhuvaneswar Kumar importance if Indian team

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more